Skip to content
മാഹിക്ക് പുതിയ പാലം നിർമ്മിക്കുക മാത്രമാണ് ശാശ്വത പരിഹാരം:സി.പി.എം
മാഹിക്ക് പുതിയ പാലം നിർമ്മിക്കുക മാത്രമാണ് ശാശ്വത പരിഹാരം:സി.പി.എം

ന്യൂമാഹി: മാഹിക്ക് പുതിയ പാലം നിർമ്മിക്കുക മാത്രമാണ് ശാശ്വതമായ പരിഹാരമാർഗമെന്ന് സി.പി.എം. ന്യൂമാഹി ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.
മാഹി പാലത്തിൻ്റെ ബലക്ഷയത്തിനും ശോചനീയമായ അവസ്ഥക്കും പരിഹാരം കാണണമെന്നത് ദീർഘകാലമായുള്ള പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യമായിരുന്നു. ഇക്കാര്യത്തിൽ അധികൃതർ കടുത്ത അവഗണനയാണ് കാണിച്ചത്. പൊട്ടിപ്പൊളിഞ്ഞ പാലത്തിന് മുകളിൽ പതിവായി മണിക്കൂറുകളോളം യാത്രക്കാർ ഗതാഗതക്കുരുക്കിൽപ്പെട്ടിട്ടും അധികൃതർക്ക് അനക്കമുണ്ടായില്ല.

തലശ്ശേരി-മാഹി ബൈപ്പാസ് പ്രവൃത്തി പൂർത്തിയായാൽ മാത്രമേ പാലത്തിൻ്റെ അറ്റകുറ്റപ്പണി നടത്തുകയുള്ളൂ എന്ന മുൻ തീരുമാനത്തിൽ തന്നെ അധികൃതർ ഉറച്ച് നിൽക്കുകയും ജനങ്ങളെ മാസങ്ങളോളം ദുരിതത്തിലാക്കുകയും ചെയ്തു. ഇപ്പോൾ അറ്റകുറ്റപ്പണി നടക്കുമ്പോൾ ഇതെത്ര കാലത്തേക്ക് എന്ന ചോദ്യമുയരുന്നു.

ബൈപ്പാസ് പൂർത്തിയായതിന് ശേഷം ഈ പാലത്തിന് എന്ത് പ്രസക്തിയെന്നാണ് കേന്ദ്ര സർക്കാരിൻ്റെ നിലപാട്. മാഹി പാലം അപകടത്തിലായാൽ മാഹിയുടെയും തലശ്ശേരിയുടെയും വ്യാപാര മേഖല കൂടുതൽ പ്രതിസന്ധിയിലാവും. ഈ മേഖലയിലുള്ളവരുടെ ദൈനംദിന ജീവിതവും തടസ്സപ്പെടും. പാലം തകർന്ന് വീഴുന്ന അവസ്ഥ വരെ കാത്ത് നിൽക്കാതെ നിലവിലുള്ള പാലത്തിന് സമാന്തരമായി എത്രയും വേഗം പുതിയ പാലം നിർമ്മിക്കണം. ഇതിന് കേന്ദ്ര സർക്കാർ താല്പര്യം കാണിക്കുന്നില്ലെങ്കിൽ കേരള – പുതുച്ചേരി സർക്കാർ ഇടപെട്ട് പുതിയ പാലം യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം. ജനപ്രതിനിധികളും വേണ്ട ശ്രമങ്ങൾ നടത്തണം. ഒപ്പം ന്യൂമാഹി ടൗണിൽ എക്‌സൈസ് ചെക് പോസ്റ്റിന് മുൻവശത്ത് ദേശീയ പാതയിലെ താർ ചെയ്തതിലെ അപാകത കാരണം റോഡ് ഉയർന്നും താഴ്ന്നുമിരിക്കുന്നത് കാരണം ധാരാളം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ രണ്ട് മാസം മുമ്പ് ഇരുചക്രവാഹനം ഇവിടെ അപകടത്തിൽപ്പെട്ട് ഒരു സ്ത്രീ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടത്തെ അപാകതകൾ പരിഹരിച്ച് റോഡ് നിരപ്പാക്കണമെന്ന ആവശ്യവും അധികൃതർ അവഗണിച്ചിരിക്കുകയാണ്. അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ സി.പി.എം. ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ലോക്കൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..