തലശ്ശേരി: തലശ്ശേരി നോർത്ത് സബ് ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 5, 6 തീയതികളിൽ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ വെച്ച് നടക്കും. സബ് ജില്ലയിലെ എൺപതോളം വിദ്യാലയങ്ങളിൽ നിന്നായി 300ഓളം മത്സര ഇനങ്ങളിൽ നാലായിരത്തോളം വിദ്യാർത്ഥി പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.
നടനം, അരങ്ങ്, ലയം, ഭാവം, നാദം, സ്വരം, താളം എന്നിങ്ങനെ ഏഴ് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും കലോത്സവത്തിന്റെ ഭാഗമായി നടക്കും.
നവംബർ 5-ന് രാവിലെ 9:30-ന് ഒന്നാം വേദിയിൽ വെച്ച് വി.കെ. സനോജ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രൻ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം നവംബർ 6-ന് വൈകുന്നേരം 5 മണിക്ക് രണ്ടാം വേദിയിൽ ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന ചടങ്ങിൽ അധ്യക്ഷത വഹിക്കും.