തലശ്ശേരി: മുസ്ലീം ലീഗിനും ചന്ദ്രികയ്ക്കും വലിയ ഊർജ്ജം പകർന്ന വ്യക്തിത്വമായിരുന്നു കെ കെ മുഹമ്മദ് സാഹിബെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. മുസ്ലീം യൂത്ത് ലീഗ് സ്ഥാപക പ്രസിഡൻ്റും ചന്ദ്രിക പത്രാധിപരുമായിരുന്ന കെ കെ മുഹമ്മദ് സാഹിബിനെ അനുസ്മരിച്ച് തലശ്ശേരിയിൽ സംഘടിപ്പിച്ച 'ഓർമ്മകളിലെ കെ കെ' സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രിക ദിനപത്രം സമൂഹത്തിന്റെ കണ്ണാടിയാണെന്നും പത്രത്തിനു വേണ്ടിയുള്ള പ്രവർത്തനം ഏറ്റവും വലിയ സാമൂഹ്യ പ്രവർത്തനമാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. ചന്ദ്രിക രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സ്വത്താണ്. കേരള സംസ്ഥാനത്തിന്റെ നിർമ്മാണത്തിലും മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിലും അക്ഷരത്താളുകളിലൂടെ വലിയ പങ്കാണ് ചന്ദ്രിക വഹിച്ചത്.
കെ കെ മുഹമ്മദ് സാഹിബിനെപ്പോലുള്ളവരുടെ ശ്രമഫലമാണ് ചന്ദ്രികയുടെ വളർച്ചയ്ക്ക് പിന്നിൽ. കല്ലിക്കണ്ടി എൻ എ എം കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. അധികാര രാഷ്ട്രീയത്തിന്റെയോ പാർലമെന്ററി വ്യാമോഹത്തിന്റെയോ പിന്നാലെ പോകാത്ത വ്യത്യസ്തനായ നേതാവായിരുന്നു കെ കെ എന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡൻ്റ് എ കെ ആബൂട്ടി ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി പി സൈദലവി മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി ട്രഷറർ വി എ നാരായണൻ, മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡൻ്റ് അഡ്വ. അബ്ദുൾ കരീം ചേലേരി, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം സി വടകര, മുതിർന്ന മാധ്യമ പ്രവർത്തകരായ ടി പി ചെറുപ്പ, ടി സി മുഹമ്മദ്, ലീഗ് നേതാക്കളായ കെ ടി സഹദുള്ള, അഡ്വ. കെ എ ലത്തീഫ്, ടി പി മുസ്തഫ, എം എ കരീം, ഷജീർ ഇക്ബാൽ, കെ സി അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് സ്വാഗതവും സുലൈമാൻ കിഴക്കയിൽ നന്ദിയും രേഖപ്പെടുത്തി. പാലക്കൽ സാഹിർ, എൻ മഹമൂദ്, ബഷീർ ചെറിയാണ്ടി, റഷീദ് കരിയാടൻ, എൻ മുസ, കെ ഖാലിദ് മാസ്റ്റർ, അസീസ് വടക്കുമ്പാട്, സി കെ പി മമ്മു, സി കെ പി റയീസ്, പി കെ യൂസഫ്, തഫ്ലിം മാണിയാട്ട്, അഡ്വ. സാഹിദ് സൈനുദ്ധീൻ, ജംഷീർ മഹമൂദ്, അഫ്സൽ മട്ടാമ്പ്രം, കെ സി തസ്നി, മുംതാസ് ചമ്പാട്, ടി വി റാഷിദ, റുബ്സീന, റമീസ് നരസിംഹ, റുഫൈസ് ഉബൈസ്, മുഹമ്മദ് റാദിൽ, ഷഹസിം ഷാൻ, ഇ കെ ജലാലു തുടങ്ങി ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, വനിതാ ലീഗ് നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.
