Zygo-Ad

തൊട്ടിൽപാലം ചൂരണയിൽ അയൽവാസിയുടെ വീടിന് തീയിട്ട ശേഷം അക്രമി തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

 


കോഴിക്കോട്: തൊട്ടിൽപാലം ചൂരണയിൽ അയൽവാസിയുടെ വീടിന് തീയിട്ട ശേഷം അക്രമി തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. പ്രദേശവാസിയായ പഞ്ഞിക്കൽ ബിജു എന്ന കുര്യൻ (50) ആണ് പുളിമൂട്ടിൽ മാത്യൂസിന്റെ വീട്ടിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാത്യൂസിന്റെ വീട്ടിൽ ആളില്ലാത്ത സമയത്ത് പെട്രോളുമായി എത്തിയ കുര്യൻ പിറകുവശത്തെ വാതിൽ തുറന്ന് ഉള്ളിൽ കയറി തീയിടുകയായിരുന്നു. തീ പടർന്നതോടെ കുര്യനും ഗുരുതരമായി പൊള്ളലേറ്റു.

വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് പരിശോധിച്ച നാട്ടുകാരാണ് വീടിന്റെ പുറകുവശത്ത് പൊള്ളലേറ്റ നിലയിൽ കുര്യനെ കണ്ടെത്തിയത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാദാപുരത്തുനിന്ന് എത്തിയ ഫയർഫോഴ്സും തൊട്ടിൽപാലം പോലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വീട്ടിലുണ്ടായ നാശനഷ്ടങ്ങളുടെ പൂർണ്ണവിവരം വ്യക്തമായിട്ടില്ല. ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് കുര്യൻ ആദ്യം നാട്ടുകാരോട് പറഞ്ഞത്. എന്നാൽ, വീട്ടുകാരോടുള്ള മുൻവൈരാഗ്യമാണ് വീടിന് തീയിടാൻ കാരണമെന്നും ഇതിനിടയിൽ അബദ്ധത്തിൽ പൊള്ളലേറ്റതാകാനാണ് സാധ്യതയെന്നും തൊട്ടിൽപാലം പോലീസ് വ്യക്തമാക്കി.


വളരെ പുതിയ വളരെ പഴയ