തലശ്ശേരി: ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കി ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തൂഫാൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. തലശ്ശേരി കടൽപ്പാലം വാക് വേയിൽ വെച്ച് നടന്ന ചടങ്ങ് തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപൻ ഉദ്ഘാടനം ചെയ്തു.
ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്തുകാരെ ഉൾപ്പെടെ ഒരു പരിധി വരെ നിയമത്തിന് മുന്നിലെത്തിക്കാൻ സാധിച്ചതായി എ.എസ്.പി പറഞ്ഞു. ഗ്രീൻ വിങ്സ് പ്രസിഡന്റ് റഷീദ് കരിയാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തലശ്ശേരി സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണവും എഴുത്തുകാരി മുംതാസ് ആസാദ് മുഖ്യാതിഥി പ്രഭാഷണവും നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടം ലഹരിവിരുദ്ധ ഐക്യദാർഢ്യ സന്ദേശം നൽകി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ. ആബൂട്ടി ഹാജി, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ, സി.കെ.പി. മമ്മു, കെ.പി. ജംഷീർ മഹമൂദ്, മുഹമ്മദ് റാദിൽ കീഴ്മാടം, സി.സി.ഒ. നാസർ, നഗരസഭാംഗങ്ങളായ ടി.വി. റാഷിദ, ടി.എം. റുബ്സീന തുടങ്ങിയവർ സംസാരിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരങ്ങൾ എ.എസ്.പി ഡോ. എം. നന്ദഗോപൻ വിതരണം ചെയ്തു. തുടർന്ന് നടന്ന ഇശൽ നൈറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗഫൂർ കുറ്റ്യാടിക്ക് എ.കെ. മുസ്തഫ സ്മാരക പുരസ്കാരം സമ്മാനിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി നൗഷാദ് കായ്യത്ത് സ്വാഗതവും ട്രഷറർ ടി.പി. ദിൽഷാദ് നന്ദിയും പറഞ്ഞു.
