തലശ്ശേരി: വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ കഴിയുന്ന മുതിർന്ന പൗരന്മാർക്ക് സാന്ത്വനവും സ്നേഹവും പകർന്ന് ജനമൈത്രി പൊലീസിന്റെ പ്രശാന്തി പദ്ധതിയുടെ ഭാഗമായി മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. തലശ്ശേരി ജോസ്ഗിരി സമരിറ്റൻ ഹോമിലെയും ധർമ്മടം സ്നേഹക്കൂട്ടിലെയും അന്തേവാസികളായ വയോധികരാണ് കടൽക്കാറ്റേറ്റ് മനസ്സ് തുറക്കാൻ ഈ യാത്രയിലൂടെ ഒത്തുചേർന്നത്. വയോജനങ്ങളുടെ മാനസികോല്ലാസത്തിനും അവർക്ക് സമൂഹത്തിന്റെ വൈകാരിക പിന്തുണ ഉറപ്പാക്കുന്നതിനും മുൻഗണന നൽകിയാണ് പൊലീസ് ഈ സ്നേഹോഷ്മളമായ കൂടിച്ചേരൽ ഒരുക്കിയത്.
മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് കേരള പൊലീസ് നടപ്പിലാക്കിവരുന്ന പ്രത്യേക സംരംഭമായ പ്രശാന്തിയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് തലശ്ശേരി എഎസ്പി ഡോ. നന്ദഗോപൻ എം. ഐപിഎസ് നേതൃത്വം നൽകി. തലശ്ശേരി എഎസ്പി ഓഫീസിലെയും തലശ്ശേരി, ധർമ്മടം, തലശ്ശേരി കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലെയും സേനാംഗങ്ങൾ, പിങ്ക് പെട്രോൾ ഉദ്യോഗസ്ഥർ എന്നിവർ വയോധികർക്ക് സുരക്ഷയും സാന്നിധ്യവുമായി ഒപ്പം നിന്നു.
