കണ്ണൂർ: അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ബീച്ചിൽ സെപ്റ്റംബർ 19-ന് വിപുലമായ ശുചീകരണ യജ്ഞവും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. രാജ്യത്ത് ബീച്ച് ശുചീകരണത്തിനായി തിരഞ്ഞെടുത്ത പ്രധാനപ്പെട്ട 50 ബീച്ചുകളിൽ ഒന്നാണ് മുഴപ്പിലങ്ങാട്.
'സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ' (SSSS-26) ക്യാമ്പെയ്ന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കടൽത്തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് സമുദ്ര ആവാസവ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
സെപ്റ്റംബർ 19-ന് രാവിലെ 7.30-ന് ആരംഭിക്കുന്ന ശുചീകരണ യജ്ഞത്തിൽ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കാളികളാകും. ശുചീകരണ പ്രവർത്തനങ്ങൾക്ക് പുറമെ 'ക്ലീൻ കോസ്റ്റ്, സേഫ് സീസ്' പ്രതിജ്ഞ, ഒപ്പിടൽ ക്യാമ്പെയ്ൻ, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സെൽഫി പോയിന്റുകൾ എന്നിവയും ഇതിനോടനുബന്ധിച്ച് ഒരുക്കും.
