തലശ്ശേരി: ബുധനാഴ്ച നടക്കുന്ന കർക്കിടക വാവ് ബലിതർപ്പണത്തിനായി തലശ്ശേരി ജഗന്നാഥ ക്ഷേത്രം പൂർണ്ണമായും സജ്ജമായി. പത്തായിരം പേർക്ക് ഒരേസമയം തർപ്പണം നടത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ അറിയിച്ചു.
പുലർച്ചെ അഞ്ച് മണിക്ക് ആരംഭിക്കുന്ന ബലി കർമ്മങ്ങൾ ഉച്ചവരെ നീണ്ടുനിൽക്കും. മേൽശാന്തി സജേഷ് കട്ടപ്പന, വിനു ശാന്തി, വിനീഷ് ശാന്തി, രഹിൻ ശാന്തി, ശ്രീഹരി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. തർപ്പണത്തിന് ആവശ്യമായ എള്ള്, ദർഭ, കൂർച്ചം, പിണ്ഡം, പുഷ്പങ്ങൾ, തുളസി തുടങ്ങിയ സാമഗ്രികളെല്ലാം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. മാതൃസമിതി പ്രസിഡന്റ് രമാഭായ് ടീച്ചർ, സെക്രട്ടറി സീന സൂർജിത്ത്, കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് പി.കെ. ഗൗരി ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ഉച്ചയ്ക്ക് 12 മണിയോടെ തിലഹവനം, ശ്രാദ്ധ പൂജ, പിതൃനമസ്കാരം, സായൂജ്യപൂജ, ക്ഷേത്രപിണ്ഡം തുടങ്ങി പിതൃപ്രീതികരങ്ങളായ പ്രത്യേക കർമ്മങ്ങളും നടക്കും. നിത്യബലി കൊണ്ടും അമാവാസി ബലി കൊണ്ടും ജില്ലയിൽ ഏറ്റവും കൂടുതൽ ബലിതർപ്പണ കർമ്മങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് ജഗന്നാഥ ക്ഷേത്രം. ശ്രീനാരായണ ഗുരുദേവന്റെ നിശ്ചയപ്രകാരമുള്ള വിധികളനുസരിച്ചാണ് ഇവിടെ എല്ലാ ചടങ്ങുകളും നടത്തപ്പെടുന്നത്.
