Zygo-Ad

പ്രവാസി യാത്രാദുരിതം: ഷാഫി പറമ്പിൽ എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി

 


തലശ്ശേരി: ബഹ്റൈൻ – കേരള മേഖലയിൽ എയർ ഇന്ത്യ തുടർച്ചയായി സർവീസുകൾ റദ്ദാക്കുന്നതിലൂടെ പ്രവാസി മലയാളികൾ അനുഭവിക്കുന്ന കടുത്ത യാത്രാദുരിതത്തിൽ അടിയന്തരമായി ഇടപെട്ട് ഷാഫി പറമ്പിൽ എം.പി. വിഷയത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത്, ന്യൂഡൽഹിയിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിനെ നേരിട്ടുകണ്ടാണ് അദ്ദേഹം നിവേദനം നൽകിയത്.

ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, മറ്റ് അടിയന്തര കുടുംബ ആവശ്യങ്ങൾ എന്നിവയ്ക്കായി നാട്ടിലെത്താനും തിരികെ പോകാനും ടിക്കറ്റെടുത്ത സാധാരണക്കാരായ പ്രവാസികളെ എയർ ഇന്ത്യ വലയ്ക്കുകയാണെന്ന് എം.പി ചൂണ്ടിക്കാട്ടി. കൃത്യസമയത്ത് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ വിസ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പലരും. മറ്റ് വിമാനക്കമ്പനികളിൽ അവസാന നിമിഷം വൻ തുക നൽകി ടിക്കറ്റെടുക്കാൻ സാധാരണക്കാർക്ക് സാധിക്കില്ലെന്നും അദ്ദേഹം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

മറ്റ് എയർലൈനുകൾ ഈ റൂട്ടിൽ തടസ്സമില്ലാതെ സർവീസ് നടത്തുമ്പോൾ എയർ ഇന്ത്യ മാത്രം തുടർച്ചയായി സർവീസുകൾ റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ല. ഓണം അടുത്തെത്തിനിൽക്കെ യാത്രാ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ, എയർ ഇന്ത്യയുടെ ബഹ്റൈൻ – കേരള റൂട്ടിലെ സർവീസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ കർശന നിർദ്ദേശം നൽകണമെന്ന് എം.പി ആവശ്യപ്പെട്ടു. വിഷയം പരിശോധിച്ചു ഉടൻ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി.

വളരെ പുതിയ വളരെ പഴയ