വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിയായ വിക്രം റാണയുടെ മൃതദേഹമാണ് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. ദുരന്തത്തിൽ കാണാതായ മറ്റുള്ളവരുടെ മൃതദേഹങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. മീനാക്ഷി പാലത്തിൽ നിന്നും 150 മീറ്റർ താഴെയായി, പുഴയോട് ചേർന്നുള്ള ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് ഫയർഫോഴ്സ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം എട്ടായി ഉയർന്നു.
തെർമൽ ഡിറ്റക്ടറുകൾ, ഡ്രോണുകൾ, കെഡാവർ ഡോഗുകൾ ഉൾപ്പെടെയുള്ള എല്ലാ അത്യാധുനിക സംവിധാനങ്ങളും ഉപയോഗിച്ചാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർനടപടികൾക്കായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ജൂലൈ എട്ടിനാണ് കള്ളാടിയിൽ നാടിനെ നടുക്കിയ അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമായിരുന്നു മണ്ണിടിച്ചിൽ. തുരങ്കപാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളും സുരക്ഷാ ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്.
