Zygo-Ad

തലശ്ശേരിയിൽ വ്യാപാരികളുടെ സഹകരണ സംഘത്തിൽ കോടികളുടെ ക്രമക്കേട്; സെക്രട്ടറി മുങ്ങി

 


കണ്ണൂർ തലശ്ശേരിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച കോടികളുമായി സംഘം സെക്രട്ടറി ജോജിഷ് മുങ്ങിയെന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം. സംഭവത്തിൽ ഭരണസമിതി സഹകരണ വകുപ്പിനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

തലശ്ശേരി വ്യാപാരി വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരിച്ചെടുക്കാൻ ചില നിക്ഷേപകർ ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വിവര പുറത്തുവരുന്നത്. പണം ലഭിക്കാതിരുന്നതിനെ തുടർന്ന് ഇവർ ഭരണസമിതി അംഗങ്ങളെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെക്രട്ടറി സ്വന്തം നിലയിൽ നിക്ഷേപം സ്വീകരിച്ച് വെട്ടിപ്പ് നടത്തിയെന്ന സംശയമുയർന്നത്. തട്ടിപ്പ് വിവരം പുറത്തായതോടെ ഓഫീസ് പൂട്ടി സെക്രട്ടറി സ്ഥലം വിടുകയായിരുന്നു.

പലരെയും സെക്രട്ടറി നേരിട്ട് കണ്ട് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. ഇതിനായി വ്യാജ നിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകിയതായും പരാതിയുണ്ട്. നിലവിൽ എത്ര പേരിൽ നിന്നായി എത്ര രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കോടികളുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭരണസമിതി അംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. കൃത്യമായ ഓഡിറ്റിംഗ് പൂർത്തിയായാൽ മാത്രമേ തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തി വ്യക്തമാകൂ.


വളരെ പുതിയ വളരെ പഴയ