Zygo-Ad

അമൃത് ഭാരത് പദ്ധതിയില്‍ നവീകരിച്ച തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു


തലശ്ശേരി: അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22.36 കോടി ചെലവില്‍ നവീകരിച്ച തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. 

സംസ്ഥാനത്തെ നവീകരിച്ച അങ്കമാലി, ചാലക്കുടി, തിരൂര്‍, പരപ്പനങ്ങാടി, നിലമ്പൂര്‍ സ്റ്റേഷനുകള്‍ക്കൊപ്പമാണ് തലശ്ശേരിയുടെയും ഉദ്ഘാടനം.  

തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഷാഫി പറമ്പിൽ എംപി നിലവിളക്ക് കൊളുത്തി. 

സി. സദാനന്ദന്‍ എം.പി, കാരായി രാജന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍, പി.കെ കൃഷ്ണദാസ്, പാലക്കാട് ഡിവിഷന്‍ എ.ഡി.ആര്‍.എം ജെറിന്‍ എസ്. ആനന്ദ് സംസാരിച്ചു. 

വി.എ.നാരായണൻ, സജീവ് മാറോളി, സി കെ പി മമ്മു, എം.പി. അരവിന്ദാക്ഷൻ, എ.കെ.ആബൂട്ടി ഹാജി, എൻ. മഹമൂദ്, കെ.പി. സാജു ,അഡ്വ: സി.ജി. അരുൺ, റഷീദ് തലായി, കൗൺസിലർമാരായ മുസൈറ കരിയാടൻ, ഷഹനാസ് മൻസൂർ, ഷാലിമ ടീച്ചർ സംബന്ധിച്ചു. 

യാത്രക്കാര്‍ ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്റ്റേഷന്‍ നവീകരണത്തോടനുബന്ധിച്ച് നഗരത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു.

തലശ്ശേരി സ്റ്റേഷന്റെ പ്രധാന മുന്‍ഭാഗം മനോഹരമാക്കുകയും വാഹനങ്ങള്‍ വരാനും പോകാനുമുള്ള പ്രത്യേക ഡ്രൈവ്വേകളോട് കൂടിയ പ്രവേശന കവാടവും നിര്‍മിച്ചിട്ടുണ്ട്.

 കൂടാതെ ശീതീകരിച്ച വെയ്റ്റിങ് ഹാള്‍, ഓപ്പണ്‍ വെയ്റ്റിങ് ലോഞ്ച്, വിശാലമായ കോണ്‍കോഴ്സ്, ആധുനിക ബുക്കിങ് ഓഫിസുകള്‍ എന്നിവയും നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഫുട്ഓവര്‍ ബ്രിഡ്ജില്‍ രണ്ട് പുതിയ ലിഫ്റ്റുകള്‍ സ്ഥാപിച്ചതിനൊപ്പം 17 പുതിയ പ്ലാറ്റ്ഫോം ഷെല്‍ട്ടറുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, ഡിജിറ്റല്‍ കോച്ച് ഗൈഡന്‍സ് സിസ്റ്റം, ഇലക്ട്രോണിക് ട്രെയിന്‍ ഇന്‍ഡിക്കേഷന്‍ ബോര്‍ഡുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തടസമില്ലാതെ സഞ്ചരിക്കാന്‍ ടാക്‌റ്റൈല്‍ വാക്ക് വേകള്‍, ഹാന്‍ഡ് റെയിലുകളോട് കൂടിയ റാമ്പുകള്‍, ഉയരം കുറഞ്ഞ ബുക്കിങ് കൗണ്ടറുകള്‍, പ്രത്യേക ശുചിമുറികള്‍ എന്നിവയുടെ സൗകര്യവും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ