കള്ളാടി ഉരുൾപൊട്ടൽ ദുരന്തസ്ഥലത്തുനിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയർന്നു. ഇനി ഒരാളെക്കൂടിയാണ് ഇവിടെനിന്നും കണ്ടെത്താനുള്ളത്. ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് സ്വദേശിയായ എൻജിനീയർ രാഹുൽ ശർമ, ബീഹാർ സ്വദേശിയായ എസ്കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ ലഭിച്ചത്.
കണ്ടെത്തിയ മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. അതിനുശേഷമായിരിക്കും മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുക. മണ്ണിച്ചിഴിലിൽ പെട്ടുപോയ ഒന്നാമത്തെ സോണിലാണ് കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് അധികൃതർ അനുമാനിച്ചിരുന്നു. ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തിയത് ഒന്നാമത്തെയും രണ്ടാമത്തെയും സോണുകളിലാണ്. മീനാക്ഷി പുഴയുടെ വലതുഭാഗത്തുനിന്നാണ് ഇപ്പോൾ മൃതദേഹം ലഭിച്ചിട്ടുള്ളത്. പുഴ കേന്ദ്രീകരിച്ചും ശക്തമായ പരിശോധന നടക്കുന്നുണ്ട്. തിരിച്ചറിയാൻ പ്രയാസമുണ്ടെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ച് ഡോക്ടർമാർ തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. മണ്ണിനടിയിൽ അധികം താഴ്ചയല്ലാത്ത ഭാഗത്ത്, പൈപ്പുകളും വാഹനങ്ങളുടെ പാർട്സുകളും കിടക്കുന്നതിനിടയിൽ നിന്നാണ് മൃതദേഹം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തമുണ്ടായ കള്ളാടിയിൽ തിരച്ചിൽ ഇപ്പോൾ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞദിവസം നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. നിലവിൽ കടാവർ നായകൾ അടക്കമുള്ള സംവിധാനങ്ങൾ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയും പുഴയിലെ കുത്തൊഴുക്കും തിരച്ചിലിന് വലിയ രീതിയിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽകുമാർ എന്നിവർ ഇപ്പോഴും ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
