വയനാട് ജില്ലയിൽ കനത്ത മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മേപ്പാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൺട്രോൾ റൂമുകളും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇന്നും നാളെയും ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. റിസോർട്ടുകളും ഹോംസ്റ്റേകളും ഈ ദിവസങ്ങളിൽ പ്രവർത്തിപ്പിക്കാൻ പാടില്ല.
വയനാട്ടിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പുഴകളിലോ മറ്റ് വെള്ളക്കെട്ടുകളിലോ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ നിർദ്ദേശത്തിൽ പറയുന്നു.
സംസ്ഥാനത്തെ അഞ്ച് വടക്കൻ ജില്ലകളിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാൻ നിർദ്ദേശമുണ്ട്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.
വരുന്ന ഞായറാഴ്ചയും സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഞായറാഴ്ചയും റെഡ് അലർട്ട് തുടരും. കണ്ണൂർ, കാസർകോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെലോ അലർട്ടും ആയിരിക്കും.
