തലശ്ശേരി: എസ് വൈ എസ് തലശ്ശേരി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. തലശ്ശേരി മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ഒ ടി ഷബീർ എസ് വൈ എസ് സോൺ പ്രസിഡന്റ് സയ്യിദ് ജവാദ് സഖാഫിക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒരു ലക്ഷം കാർബൺ ന്യൂട്രൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി മുഴുവൻ യൂണിറ്റുകളിലും വൃക്ഷത്തൈ വിതരണം ചെയ്തു.
ചടങ്ങിൽ നാസർ മൗലവി ഏഴര, ഷംസീർ ഏടന്നൂർ, സൈഫുല്ല ചിറക്കര, അബ്ദുൽ അസീസ് മഹ്ളരി, മുബാസ് പുന്നോൽ എന്നിവർ പ്രസംഗിച്ചു.
നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം എന്ന ശീർഷകത്തിൽ എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം, ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങിയ ആശയങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം, സന്ദേശ പ്രഭാഷണം, സംഘകൃഷി, ഒരു ലക്ഷം വീടുകളിൽ അടുക്കളത്തോട്ടം നിർമ്മാണം എന്നിവയും ഇതിനൊപ്പം നടക്കും.
