കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് വടകര താലൂക്കിലെ വിവിധ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് റിപ്പോർട്ട്.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി ഉത്തരവിട്ടു.
വടകര താലൂക്കിലെ വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി എന്നീ പ്രദേശങ്ങളിലാണ് അതീവ ജാഗ്രതാ നിർദേശം നല്‍കിയിരിക്കുന്നത്.
അടിയന്തര ലയണ്‍സ്, ക്യാംപുകള്‍ സജ്ജമാക്കാൻ നിർദേശം
വിലങ്ങാട് മലയോര മേഖലയിലെ പുഴയോരങ്ങളിലും, കുത്തനെയുള്ള ചരിവുകളിലും, മുൻപ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ക്ക് സമീപവും താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും അടിയന്തരമായി മാറ്റാനാണ് നിർദേശം.
വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതരും വടകര തഹസില്‍ദാരും ചേർന്ന് സുരക്ഷിതമായ സ്കൂളുകളോ മറ്റ് പൊതു കെട്ടിടങ്ങളോ കണ്ടെത്തി ക്യാംപുകള്‍ ഉടൻ സജ്ജമാക്കും.
ക്യാമ്പുകളില്‍ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങള്‍, മെഡിക്കല്‍ സഹായം എന്നിവ കൃത്യമായി ഉറപ്പാക്കാൻ നിർദേശമുണ്ട്.
മാറ്റിപ്പാർപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കാൻ വടകര ആർ.ഡി.ഒയെ നോഡല്‍ ഓഫീസറായും വടകര തഹസില്‍ദാരെ അസിസ്റ്റന്റ് നോഡല്‍ ഓഫീസറായും ചുമതലപ്പെടുത്തി.
രാത്രിയാത്രാ നിരോധനവും സുരക്ഷാ മുൻകരുതലുകളും
വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെയുള്ള യാത്രകള്‍ പൂർണ്ണമായി നിരോധിച്ചു.
ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി ആവശ്യത്തിന് പോലീസിനെ വിന്യസിക്കാനും, ദുരിതാശ്വാസ ക്യാംപുകള്‍ക്കും ആളുകള്‍ ഒഴിഞ്ഞു പോയ വീടുകള്‍ക്കും സുരക്ഷ ഉറപ്പാക്കാനും കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നല്‍കിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ടീമുകള്‍ ക്യാംപുകളില്‍ നേരിട്ടെത്തി പരിശോധന നടത്തുകയും അടിയന്തര മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും.
അധികൃതരുടെ മുന്നറിയിപ്പ്: അപകട മേഖലകളില്‍ ഉള്ളവർ അധികൃതരുടെ നിർദേശങ്ങളോട് പൂർണ്ണമായി സഹകരിക്കേണ്ടതാണ്. വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം പാലിക്കുക. കലക്ടറുടെ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം കർശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
