തലശ്ശേരി: മലബാർ മേഖലയിലെ പ്രമുഖ അർബുദ ചികിത്സാ-ഗവേഷണ കേന്ദ്രമായ തലശ്ശേരി മലബാർ കാൻസർ സെന്റർ (എം സി സി ) വടകര പാർലമെന്റ് മണ്ഡലം എം.പി. ഷാഫി പറമ്പിൽ സന്ദർശിച്ചു.
എം.സി.സി. ഡയറക്ടർ ഡോ. ബി. സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ച എം.പി, നിലവിൽ അവിടെ നടന്നുവരുന്ന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി കാൻസർ ചികിത്സാരംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന മലബാർ കാൻസർ സെന്റർ, നിലവിൽ അധ്യാപന-ഗവേഷണ രംഗങ്ങളിലും ശ്രദ്ധേയമായ സംഭാവനകളാണ് നൽകിക്കൊണ്ടിരിക്കുന്നത്.
സ്ഥാപനത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നേരിടുന്ന വിവിധ പ്രയാസങ്ങളും വെല്ലുവിളികളും ഡയറക്ടർ ഡോ. സതീശൻ എം.പി.യുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ സി എം ആർ) ഗവേണിംഗ് ബോഡിയിലെ പാർലമെന്റ് പ്രതിനിധി എന്ന നിലയിൽ, മലബാർ കാൻസർ സെന്ററിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങൾക്കും ആവശ്യമായ പൂർണ്ണ പിന്തുണ നൽകുമെന്ന് ഷാഫി പറമ്പിൽ എം.പി ഉറപ്പു നൽകി.
സ്ഥാപനത്തിന്റെ വികസനത്തിന് കൂടുതൽ വേഗത പകരുന്നതിനായി സമീപഭാവിയിൽ തന്നെ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രിയുടെയും ഐ.സി.എം.ആർ ഡയറക്ടറുടെയും സന്ദർശനം ഇവിടെ ഉറപ്പാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എം.പി വ്യക്തമാക്കി.
സന്ദർശനത്തിന് ശേഷം നടന്ന പ്രത്യേക അവലോകന യോഗത്തിൽ സെന്റർ ഡയറക്ടർ ഡോ. സതീശൻ, വിവിധ വിഭാഗം മേധാവികൾ, മറ്റ് പ്രമുഖ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

