തലശ്ശേരി: മലബാർ കാൻസർ സെന്ററിനെ ആശ്രയിക്കുന്ന രോഗികളുടെയും പൊതുജനങ്ങളുടെയും യാത്രാസൗകര്യം മുൻനിർത്തി തലശ്ശേരി വഴി കടന്നുപോകുന്ന ദീർഘദൂര ട്രെയിനുകൾക്കും വന്ദേഭാരത് എക്സ്പ്രസിനും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യവുമായി കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം രംഗത്ത്. ഇതിന്റെ ഭാഗമായി മലബാർ കാൻസർ സെന്ററിലെ രോഗികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ അടങ്ങിയ നിവേദനം വടകര പാർലമെന്റ് അംഗം ഷാഫി പറമ്പിലിന് കൈമാറി.
ഇന്ത്യയിലെ തന്നെ പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നായ മലബാർ കാൻസർ സെന്ററിലേക്ക് പ്രതിദിനം ആയിരക്കണക്കിന് രോഗികളാണ് എത്തുന്നത്. എന്നാൽ നാൽപതിലധികം പ്രധാന ട്രെയിനുകൾക്ക് തലശ്ശേരിയിൽ സ്റ്റോപ്പില്ലാത്തത് ദൂരദിശകളിൽ നിന്ന് വരുന്ന കാൻസർ രോഗികൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഈ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്കുള്ള നിവേദനവും എംപി മുഖേന സമർപ്പിച്ചിട്ടുണ്ട്. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബി, കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം പ്രസിഡന്റ് നാരായണൻ പി, ജനറൽ സെക്രട്ടറി ചന്ദ്രൻ കെ.എം, വൈസ് പ്രസിഡന്റ് പി.കെ. സുരേഷ്, ട്രഷറർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദക സംഘം എംപിയെ കണ്ടത്.
