തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പൊതുജനങ്ങളുടെയും യാത്രാ ദുരിതം പരിഹരിക്കുന്നതിനായി തലശ്ശേരി വഴി കടന്നു പോകുന്ന വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള
ദീർഘദൂര ട്രെയിനുകൾക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി.
കണ്ണൂർ സിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്ററിൽ എത്തുന്ന രോഗികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ സഹിതമുള്ള നിവേദനം വടകര എം.പി. ഷാഫി പറമ്പിലിന് സമർപ്പിച്ചു. കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകാനുള്ള നിവേദനവും എം.പി. ക്ക് കൈമാറി.
ഇന്ത്യയിലെ പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രങ്ങളിലൊന്നായ മലബാർ കാൻസർ സെന്ററിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി രോഗികളാണ് ദിനംപ്രതി എത്തുന്നത്.
എന്നാൽ തലശ്ശേരി വഴി സർവീസ് നടത്തുന്ന 40 ലേറെ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതു കാരണം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ യാത്രാ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
രോഗികളുടെ സൗകര്യവും പൊതുജനങ്ങളുടെ യാത്രാ ആവശ്യങ്ങളും പരിഗണിച്ചാണ് പ്രധാന ട്രെയിനുകൾക്കും വന്ദേഭാരത് എക്സ്പ്രസിനും തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടത്.
മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബി, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം പ്രസിഡന്റ് നാരായണൻ പുതുക്കുടി, ജനറൽ സെക്രട്ടറി ചന്ദ്രൻ കെ.എം, വൈസ് പ്രസിഡന്റ് പി.കെ. സുരേഷ്, മേജർ പി ഗോവിന്ദൻ, ട്രഷറർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.
