കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം. കോഴിക്കോട് വാണിമേൽ സ്വദേശി റീജിത്ത് (46) ആണ് മരണപ്പെട്ടത്. വൃക്കയിലെ കല്ല് (കിഡ്‌നി സ്റ്റോൺ) നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ മാറി ചെയ്തതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കിഡ്‌നി സ്റ്റോൺ ചികിത്സയ്ക്കായി റീജിത്ത് കോഴിക്കോട് മെഡിക്കൽ കോളജിലെ യൂറോളജി ഡിപ്പാർട്ട്‌മെന്റിൽ എത്തുന്നത്. തുടർന്ന് നടത്തിയ ആദ്യ ശസ്ത്രക്രിയയിൽ ഡോക്ടർമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കുടുംബം പറയുന്നത്. ഇടത് വശത്തെ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം ഡോക്ടർമാർ വലതുവശത്താണ് ശസ്ത്രക്രിയ നടത്തിയത്. ഇതേത്തുടർന്ന് ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് കടുത്ത പഴുപ്പും മറ്റ് അണുബാധകളും ഉണ്ടാവുകയും റീജിത്തിന്റെ ആരോഗ്യം വഷളാവുകയും ചെയ്തു. ഇതിനായി പലതവണ മെഡിക്കൽ കോളജിൽ തുടർചികിത്സ തേടിയിരുന്നു.
പിന്നീട് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റീജിത്തിനെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ കുടുംബത്തിന്റെ യാതൊരുവിധ അനുമതിയും വാങ്ങാതെയാണ് ഡോക്ടർമാർ ഈ രണ്ടാമത്തെ സർജറി നടത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, അതുവരെ റീജിത്തിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നുമാണ് കുടുംബത്തിന്റെ നിലപാട്. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
