തലശേരി: വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് മയക്കുമരുന്ന് സംഘം ഓടിരക്ഷപ്പെട്ടു. പ്രതികൾ ഉപേക്ഷിച്ചുപോയ സ്കൂട്ടറിൽ നിന്ന് 220 ഗ്രാം കഞ്ചാവും 38 ഗ്രാം ഹാഷിഷ് ഓയിലും പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ എരഞ്ഞോളി കുട്ടി മാക്കൂൽ റോഡിലായിരുന്നു സംഭവം.
തലശേരി എസ്ഐ കെ. അശ്വതിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെ റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്കൂട്ടർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും ഓടിരക്ഷപ്പെട്ടു. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ഇല്ലത്തുതാഴെ സ്വദേശി എൻ.എം. റിനിൽ എരഞ്ഞോളി പുഴയിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അർജുൻ സമീപത്തെ കാട്ടിലേക്കും ഓടിമറഞ്ഞു.
പ്രതികൾ ഉപേക്ഷിച്ച സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് തുണിസഞ്ചിയിൽ സൂക്ഷിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. വാഹനത്തിൽ നിന്ന് അർജുന്റെ ഐഡന്റിറ്റി കാർഡും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
