Zygo-Ad

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 4.5 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും: ഷാഫി പറമ്പിൽ എം.പി


തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി 4.5 കോടി രൂപയുടെ ബൃഹത്തായ വികസന പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് ഷാഫി പറമ്പിൽ എം.പി അറിയിച്ചു. 

റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ ഉയരം ഏകീകരിക്കുന്നതിനും സ്റ്റേഷൻ പരിസരത്തെ അഴുക്കുചാലുകൾ പുനരുദ്ധരിക്കുന്നതിനും മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതിയുടെ ടെണ്ടർ നടപടികൾ ഉടനടി ആരംഭിക്കുമെന്നും എം.പി വ്യക്തമാക്കി.

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം നേരിട്ടെത്തി സന്ദർശനം നടത്തിയ എം.പി, നിലവിലെ സ്ഥിതിഗതികളും വിവിധ വികസന പ്രവർത്തനങ്ങളും വിലയിരുത്തി. 

സ്റ്റേഷനോട് ചേർന്നുള്ള അഴുക്കുചാലിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മരത്തടികളും അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടത് മൂലം പ്രദേശത്തുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ജനപ്രതിനിധികളും യാത്രക്കാരും എം.പി.യുടെ ശ്രദ്ധയിൽപ്പെടുത്തി.

ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി, ഡിവിഷണൽ റെയിൽവേ മാനേജരുടെ (DRM) സാങ്കേതിക അനുമതി എത്രയും വേഗം ലഭ്യമാക്കാനുള്ള ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ഷാഫി പറമ്പിൽ എം.പി ഉറപ്പു നൽകി.

 സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെയും യാത്രക്കാരുടെയും ആവശ്യങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് സ്റ്റേഷനിൽ വെച്ച് നടന്ന അവലോകന യോഗത്തിലും ചർച്ചയിലും എം.പി.യെ കൂടാതെ സീനിയർ സെക്ഷൻ എഞ്ചിനീയർമാരായ ശ്രീ. ഹബീബ്, ശ്രീ. സാന്ദീപ്, അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ ശ്രീ. ജവഹർ, ട്രാൻസ്‌പോർട്ടേഷൻ ഇൻസ്‌പെക്ടർ ശ്രീ. ജി. പി. രമേശ്, നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ