Zygo-Ad

തലശ്ശേരി ജ്ഞാന രഹസ്യത്തിൻ്റെ അക്ഷരജാലകം തുറന്ന് വെച്ച നാട്:- സെമിനാറിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു


കോടിയേരി: ആദ്യ വർത്തമാന പത്രവും നിഘണ്ടുവും മലയാളിക്ക് സമ്മാനിച്ചത് ജർമ്മൻകാരൻ ഹെർമ്മൻ ഗുണ്ടർട്ടാണെങ്കിൽ, ദക്ഷിണേന്ത്യൻ ഭാഷകളെയാകെ ഉൾക്കൊള്ളിച്ച അമൂല്യമായ ചതുർഭാഷാ നിഘണ്ടു കൈരളിക്ക് സമ്മാനിച്ചത് രണ്ടാം ഗുണ്ടർട്ടെന്ന് വിശേഷിപ്പിക്കുന്ന ബീഡിത്തൊഴിലാളിയായ, കലാശാലാ വിദ്യാഭ്യാസം പോലും നേടാനാവാതെ പോയ ഞാറ്റ്വേല ശ്രീധരനായിരുന്നുവെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. 

ഗുണ്ടർട്ടിന് മലയാളവും, സംസ്കൃതവും, വൈദ്യവുമെല്ലാം പഠിപ്പിക്കാൻ മഹാ പണ്ഡിതന്മാരായ ഊരാച്ചേരി ഗുരുക്കന്മാരുണ്ടായിരുന്നുവെങ്കിൽ, പിറവി കൊണ്ടു തന്നെ അക്ഷര മാന്ത്രികനായ ശ്രീധരന് അത്തരത്തിലുള്ള യാതൊരു പിൻബലവുമുണ്ടായിരുന്നില്ല. 

ബ്രിട്ടീഷ് ഭരണകാലം തൊട്ടിന്നേ വരെ അക്ഷര ലോകത്ത് ഉയർന്ന് നിൽക്കാനും, ഉത്തര കേരളത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനമായി മാറാനും തലശ്ശേരിക്ക് സാധിതമായത്, ആദ്യ നോവലിസ്റ്റായ ഒ. ചന്തുമേനോൻ, ഹാസ്യ സാമ്രാട്ട് സഞ്ജയൻ, മഹാ സാഹിത്യകാരൻ മൂർക്കോത്ത് കുമാരൻ തുടങ്ങിയവരുടെ പിറവി കൊണ്ട്‌ കൂടിയാണെന്നും, അവർ പകർന്നേകിയ ആർജ്ജിത ജ്ഞാനം കൊണ്ടാണെന്നും , ചാലക്കര പുരുഷു പറഞ്ഞു.

കണ്ണൂർ എസ്.എൻ. കോളജ് മലയാള സാഹിത്യ ബിരുദഅവസാന വർഷ വിദ്യാർത്ഥികൾക്കുളള ഇൻ്റേൺ ഷിപ്പിന്റെ ഭാഗമായി വയലളം റീഡേർസ് സെൻ്റർ ലൈബ്രറി ഹാളിൽ 'മാധ്യമ ധർമ്മം ഇന്ന്- 'എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ സുരേഷ് കോമത്ത് പരിപാടികൾ നിയന്ത്രിച്ചു. അക്ഷയ്, നവീന, ഷജില, അനുഷ്യ സംസാരിച്ചു. അനശ്വര നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ