തലശ്ശേരി: ജനറൽ ആശുപത്രി കോംപൗണ്ടിനകത്ത് കാട്ടുപന്നി കയറിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും പരിഭ്രാന്തിയിലാക്കി. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആശുപത്രി വളപ്പിൽ കാട്ടുപന്നിയെ കണ്ടതോടെ ആളുകൾ ബഹളം വെക്കുകയും ചിതറിയോടുകയും ചെയ്തു.
ആളുകളെ കണ്ട് ഭയന്ന പന്നി ആശുപത്രി പരിസരത്തെ ഓടത്തിലൂടെ ഓടി പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചു. ജനവാസ മേഖലയായ ഇവിടെ പന്നി ഇറങ്ങിയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പന്നിയെ പിടികൂടാനോ തുരത്താനോ ഉള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
