തലശ്ശേരി: പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി തലശ്ശേരി സബ് ആർടി ഓഫീസ് പരിധിയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ഫിറ്റ്നസ് സ്റ്റിക്കർ പതിപ്പിക്കലും ആരംഭിച്ചു. വിവിധ മേഖലകളിലെ സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്കായി എത്തിക്കേണ്ട തീയതികളും സ്ഥലങ്ങളും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പാനൂർ, ഇരിങ്ങണ്ണൂർ ഭാഗങ്ങളിലെ വിദ്യാലയങ്ങളിലെ വാഹനങ്ങൾ മേയ് 23ന് രാവിലെ 10 മണിക്ക് പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് സ്കൂളിൽ പരിശോധനയ്ക്ക് എത്തിക്കണം. കൂത്തുപറമ്പ് ഭാഗത്തെ വാഹനങ്ങൾ അന്ന് തന്നെ ഉച്ചയ്ക്ക് 2 മണിക്ക് മമ്പറം ഇന്ദിരാഗാന്ധി സ്കൂളിലും തലശ്ശേരി ഭാഗത്തെ വാഹനങ്ങൾ മേയ് 29ന് രാവിലെ 10 മണിക്ക് തലശ്ശേരി സാൻജോസ് സ്കൂളിലും എത്തിച്ച് പരിശോധന പൂർത്തിയാക്കേണ്ടതാണ്.
പരിശോധനയ്ക്ക് എത്തുമ്പോൾ എല്ലാ സ്കൂൾ അധികൃതരും തങ്ങളുടെ വാഹനങ്ങളുടെ കൃത്യമായ ലിസ്റ്റ് കൈയിൽ കരുതണം. ഈ പരിശോധനയോടനുബന്ധിച്ച് സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുമെന്നും പരിധിയിലെ മുഴുവൻ സ്കൂൾ വാഹനങ്ങളും നിർബന്ധമായും പരിശോധനയിൽ പങ്കെടുക്കണമെന്നും തലശ്ശേരി ജോയിന്റ് ആർടിഒ ടി വി വേണുഗോപാൽ അറിയിച്ചു.
