Zygo-Ad

പുലര്‍ച്ചെ എണീറ്റ സമയത്ത് ഡൈനിംഗ് ഹാളിന് സമീപം ഒരാള്‍; വീട്ടില്‍ കയറിയ കള്ളനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥന്റെ വിരല്‍ കള്ളൻ കടിച്ചുമുറിച്ചു


കോഴിക്കോട്: കോഴിക്കോട് വീട്ടില്‍ കയറിയ കള്ളനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്റെ വിരല്‍ കള്ളൻ കടിച്ചുമുറിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടു കൂടിയായിരുന്നു സംഭവം. കോഴിക്കോട് നെല്ലിക്കാപ്പറമ്പ് അങ്ങാടിക്ക് സമീപം താമസിക്കുന്ന താളത്തില്‍ കോട്ടമ്മല്‍ വീട്ടില്‍ ഹാരിസിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. വീടിനകത്തു കൂടി നടന്ന കള്ളനെ മൂത്രമൊഴിക്കാനായി എണീറ്റ ഹാരിസ് കാണുകയായിരുന്നു.

എഴുന്നേറ്റ സമയത്ത് ഡൈനിംഗ് ഹാളിന് സമീപം ഒരാളെ കണ്ടു. മകനാണെന്ന് കരുതി വിളിച്ചപ്പോള്‍ ഇയാള്‍ അടുക്കള ഭാഗത്തേക്ക് ഓടിയെന്ന് ഹാരിസ് പറയുന്നു. അടുക്കള വാതില്‍ പൂട്ടാറുള്ളതിനാല്‍ മോഷ്ടാവിന് അകത്തു കയറാന്‍ സാധിച്ചില്ല. പിന്നാലെയെത്തിയ ഹാരിസ് ഇയാളെ പിടികൂടുകയായിരുന്നു.

എന്നാല്‍ 'ഛോഡ്‌ദോ' എന്ന് പറഞ്ഞ് ഇയാള്‍ കുതറി മാറാന്‍ ശ്രമിച്ചതായും പിന്നീട് കൈവിരലില്‍ കടിച്ചതായും ഹാരിസ് പറഞ്ഞു. കടിയേറ്റ് കൈക്ക് ആഴത്തില്‍ മുറിവേറ്റു. വേദന കൊണ്ട് പിടി വിട്ട ഉടനെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

 വീട്ടുകാരുടെ ബഹളം കേട്ട് സമീപ വീട്ടുകാര്‍ എത്തിയെങ്കിലും അപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇതര സംസ്ഥാനത്ത് നിന്നുള്ളയാളാണെന്ന് കരുതുന്നതായി ഹാരിസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മോഷണശ്രമം സംബന്ധിച്ച്‌ മുക്കം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മറ്റൊരു സംഭവത്തില്‍ കോഴിക്കോട് കള്ളൻ കിണറ്റില്‍ വീണു. പാതിരാത്രിയില്‍ വീട്ടില്‍ മോഷണം നടത്താൻ എത്തിയ കള്ളനാണ് കിണറ്റില്‍ വീണത്. വ്യാഴാച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റില്‍ കള്ളനെ കണ്ടെത്തിയത്. 

വീട്ടിലെ കുളിമുറി വഴി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കള്ളൻ പിടിവിട്ട് കിണറ്റില്‍ വീഴുകയായിരുന്നു. ഒടുവില്‍ കൊയിലാണ്ടി ഫയർ ഫോഴ്സും പോലീസും എത്തി കള്ളനെ പുറത്തെത്തിച്ചു.

വളരെ പുതിയ വളരെ പഴയ