കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ഗൃഹപ്രവേശം ഇന്ന് നടക്കും. മുട്ടിൽ-മേപ്പാടി സംസ്ഥാന പാതയോട് ചേർന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടിൽ ഒരുക്കിയ ടൗൺഷിപ്പിലെ ആദ്യഘട്ട 51 വീടുകളിലേക്കാണ് കുടുംബങ്ങൾ ഇന്ന് പ്രവേശിക്കുന്നത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, പി.കെ ബഷീർ തുടങ്ങിയ മുതിർന്ന നേതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ സംബന്ധിക്കും. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കുടുംബങ്ങൾ വീടുകളിൽ പാലുകാച്ചൽ ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു.
എട്ട് സെന്റ് ഭൂമിയിൽ മൂന്ന് ബെഡ്റൂമുകളോട് കൂടിയ 1060 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടുകൾ. ഓരോ വീടുകളിലേക്കും ആവശ്യമായ ഫർണിച്ചറുകളും മുസ്ലിം ലീഗ് ലഭ്യമാക്കിയിട്ടുണ്ട്.
നിർമ്മാണം പൂർത്തിയായ 51 വീടുകളിലാണ് ഈ മാസം തന്നെ താമസം തുടങ്ങുന്നത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടൗൺഷിപ്പ് നിർമ്മിച്ചിരിക്കുന്നത്.
