Zygo-Ad

'ഞങ്ങളെ എന്തിനാ കൊല്ലാൻ നോക്കിയേ മോനേ...'; ബോംബെറിഞ്ഞ പ്രതികളോട് വൈകാരിക ചോദ്യവുമായി കെ എസ് യു നേതാവ് ബിതുലിന്റെ മാതാപിതാക്കൾ


കോഴിക്കോട്: ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‍യു നേതാവിന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ സിപിഎം പ്രവർത്തകരായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാടകീയ രംഗങ്ങള്‍.

കോഴിക്കോട് തോടന്നൂരിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കെഎസ്‍യു ജില്ലാ സെക്രട്ടറിയായ ബിതുല്‍ ബാലന്‍റെ, മാതാപിതാക്കള്‍ പ്രതികളോട് വൈകാരികമായി പ്രതികരിച്ചത്. 'രാത്രി കിടന്നുറങ്ങിയപ്പോള്‍ എന്തിനാണ് മോനേ ഞങ്ങളെ കൊല്ലാൻ നോക്കിയത്. 

ഞങ്ങളുടെ മോനേ പോലെയല്ലേ നീ..' എന്നാണ് ബിതുല്‍ ബാലന്‍റെ മാതാപിതാക്കളായ തങ്കമണിയും ബാലനും പ്രതികളോട് ചോദിച്ചത്. പ്രതികളോട് ഏറെ വൈകാരികമായിട്ടാണ് ബിതുലിൻ്റെ മാതാപിതാക്കള്‍ പ്രതികരിച്ചത്.

തോടന്നൂർ സ്വദേശി മിഥുൻ ലാല്‍, രൂപേഷ് എന്നിവരെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ മാസം 27 ന് പുലർച്ചെ രണ്ടരയോടെയാണ് കോഴിക്കോട് തിരുവള്ളൂരിലെ ബിതുല്‍ ബാലന്‍റെ വീടിന് നേരെ പ്രതികള്‍ ബോംബെറിഞ്ഞത്. 

തെളിവെടുപ്പിനിടെയെത്തിയ പ്രാദേശിക സിപിഎം പ്രവർത്തകർക്കെതിരെ വാക്കേറ്റവും സ്ഥലത്തുണ്ടായി. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് അറസ്റ്റിലായിരുന്നു കെഎസ്‍യു നേതാവ് ബിതുല്‍ ബാലൻ.

വളരെ പുതിയ വളരെ പഴയ