തലശ്ശേരി:കർമ്മ യോഗിയായ മഹാ ജ്ഞാനിയായിരുന്നു ശ്രീനാരായണഗുരു വെന്നും, തപസ്സിലൂടെ സത്യസാക്ഷാത്ക്കാരം നേടിയ മഹാഗുരു പ്രവാചക പരമ്പരയിലെ വിശ്വോത്തരമായ തത്വ ദർശനമേകിയ യുഗ പുരുഷനാണെന്നും ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടു.
ശ്രീ ജഗന്നാഥ ക്ഷേത്രവും ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹവും എന്ന വിഷയത്തെ അധികരിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികൾ.
പശ്ചിമേഷ്യയിൽ ബോംബ് വർഷിച്ചു കൊണ്ടിരിക്കെ, ആർക്കുമാരേയും പൊരുതി ജയിക്കാനാവില്ലെന്നും, എല്ലാവരും ആത്മ സഹോദരങ്ങളാണെന്ന ബോധത്തോടെ ഏകലോക വാസികളായി മാറണമെന്നും ഗുരു ഉദ്ബോധിപ്പിച്ചത് ഇന്നും ഏറെ പ്രസക്തമാണെന്ന് ലോകം തിരിച്ചറിയുകയാണ്.
ലോക ഗുരുവായിക്കണ്ടാണ് , ഗുരുദേവ പ്രതിമ മൂർക്കോത്ത് കുമാരന്റെ കഠിന പ്രയത്നത്തിൽ, ഗുരുവിന്റെ അനന്തരഗാമിയായ ബോധാനന്ദ സ്വാമികൾ ഇവിടെ പ്രതിഷ്ഠിച്ചത്.
സർവ്വരും ഒന്നാണെന്ന ബോധത്തോടെ ഗുരു സവിധത്തിൽ പ്രാർത്ഥിക്കുമ്പോൾ , ആത്മ സത്യത്തിന്റെ അംശങ്ങളായി നാംമാറും. ലോകത്തിന്റെ വെളിച്ചമാണ് ഗുരുവെന്ന് തിരിച്ചറിയാൻ നമുക്കാവണമെന്നും സ്വാമികൾ ഉദ്ബോധിപ്പിച്ചു.
ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു സി.എം.വിനയചന്ദ്രൻ പയ്യന്നൂർ മുഖ്യഭാഷണം നടത്തി. എം.പി. ജിതേഷ് . കാരായി രാജൻ, അശോക് കുമാർ അൻപൊലി സംസാരിച്ചു.
തുടർന്ന് സൂപ്പർ മെഗാ ഹിറ്റ് ഗാനമേളയുമുണ്ടായി. ഇന്ന് വൈ: 6.30 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
