കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന പരസ്യം വിശ്വസിച്ച് കോഴിക്കോട് മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ. നിയന്ത്രിക്കാനാവാത്ത വിധം ജനക്കൂട്ടം തടിച്ചുകൂടിയതോടെ പോലീസ് ലാത്തിവീശി. സംഭവത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ആൾക്കൂട്ടത്തെ വിളിച്ചുവരുത്തിയതിന് 'ട്രെൻഡ് ഫാക്ടറി' കടയുടമകൾക്കെതിരെ പോലീസ് കേസെടുത്തു. കട നടത്തിപ്പുകാരായ എട്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴിയാണ് ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന ഓഫർ കടയുടമകൾ പ്രചരിപ്പിച്ചത്. ഇതറിഞ്ഞ് പുലർച്ചെ മൂന്ന് മണി മുതൽ തന്നെ കുട്ടികളടക്കം നൂറുകണക്കിന് ആളുകൾ കടയ്ക്ക് മുന്നിൽ തമ്പടിച്ചു. കോഴിക്കോട് ജില്ലയ്ക്ക് പുറമെ തൃശ്ശൂർ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നുവരെ ആളുകൾ എത്തിയതോടെ മിഠായിത്തെരുവ് ജനസാഗരമായി മാറി.
തിരക്ക് വർധിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. തുടർന്നാണ് പോലീസ് ഇടപെട്ട് ആളുകളെ നീക്കം ചെയ്തത്. മതിയായ അനുമതിയില്ലാതെ ഇത്തരത്തിൽ ആളുകളെ കൂട്ടിയതിനാണ് നടപടി. അനുമതിയില്ലാതെ കട തുറക്കരുതെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്
