Zygo-Ad

മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയ സംഘർഷം; സി.പി.എം - ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി

 


കണ്ണൂർ: ജില്ലയിലെ മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഉത്സവത്തിന്റെ ഭാഗമായുള്ള കാഴ്ചവരവുകളിൽ രാഷ്ട്രീയ ചിഹ്നങ്ങൾ ഉപയോഗിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ഇരുവിഭാഗവും തമ്മിൽ ചെരിപ്പേറും കല്ലേറുമുണ്ടായതോടെ പോലീസ് ലാത്തിവീശി.

ഉത്സവ ആഘോഷങ്ങളിൽ പാർട്ടി ചിഹ്നങ്ങളോ കൊടികളോ ഉപയോഗിക്കരുതെന്ന് പോലീസ് നേരത്തെ തന്നെ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് ലംഘിച്ചുകൊണ്ട് ഇരുവിഭാഗവും തങ്ങളുടെ പാർട്ടി ചിഹ്നങ്ങൾ പതിച്ച കലശങ്ങളുമായാണ് കാഴ്ചവരവിൽ എത്തിയത്. ഇത് സംബന്ധിച്ചുണ്ടായ വാക്കുതർക്കം പെട്ടെന്ന് തന്നെ അക്രമാസക്തമാവുകയായിരുന്നു.

പ്രവർത്തകർ പരസ്പരം കല്ലുകളും ചെരിപ്പുകളും എറിഞ്ഞതോടെ സ്ഥലത്ത് പരിഭ്രാന്തി പടർന്നു. തുടർന്ന് കൂടുതൽ പോലീസെത്തി ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേ ക്ഷേത്രത്തിൽ സമാനമായ രീതിയിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നു.

 

വളരെ പുതിയ വളരെ പഴയ