വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ചെയ്ത യുവാവ് ഓട്ടോറിക്ഷയില്‍ മറന്നു വെച്ച ഏഴു ലക്ഷം രൂപയും മൊബൈല്‍ ഫോണും തിരികെ നല്‍കി ഓട്ടോ ഡ്രൈവർ മാതൃകയായി.
എടച്ചേരി സ്വദേശിയായ പ്രജിത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴരയോടെയാണ് മേപ്പയില്‍ സ്വദേശി ജിമേഷിന്റെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തത്.
യാത്രയ്ക്കിടയില്‍ വടകരയില്‍ വെച്ച് പ്രജിത്ത് ഇറങ്ങിയെങ്കിലും പണമടങ്ങിയ ബാഗും ഫോണും വണ്ടിയില്‍ തന്നെ മറന്നു വെക്കുകയായിരുന്നു.
യാത്രക്കാരൻ ഇറങ്ങിയ വിവരം അറിയാതെ വണ്ടിയുമായി മുന്നോട്ട് പോയ ജിമേഷ്, കൈനാട്ടിയില്‍ വെച്ചാണ് സീറ്റില്‍ ബാഗും ഫോണും ഇരിക്കുന്നത് ശ്രദ്ധിച്ചത്. ഒട്ടും വൈകാതെ തന്നെ അദ്ദേഹം എടച്ചേരി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ബാഗ് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
തുടർന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ ഉടമസ്ഥനായ പ്രജിത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പണവും ഫോണും സുരക്ഷിതമായി കൈമാറി. ജിമേഷിന്റെ ഈ സത്യസന്ധതയെ പോലീസും നാട്ടുകാരും അഭിനന്ദിച്ചു.
