Zygo-Ad

ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്: ഡിഐജി ഒരാഴ്ചക്കകം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം


കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്ക് എന്ന യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.

നോർത്ത് സോണ്‍ ഡി ഐ ജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

 ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. 

കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളില്‍ പറയുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. അഡ്വ. വി ദേവദാസ്, അബ്ദുള്‍ റഹീം പൂക്കത്ത് എന്നിവർ നല്‍കിയ പരാതികളിലാണ് നടപടി.

സോഷ്യൽ മീഡിയകളിലും യുവതിക്കെതിരെ പ്രതികരിക്കുകയാണ് ഓരോരുത്തരും.

രാഹുല്‍ ഈശ്വറും പരാതി നല്‍കി

യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ നിയമ നടപടികളുമായി രാഹുല്‍ ഈശ്വറും രംഗത്തെത്തിയിട്ടുണ്ട്. 

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണത്തിന് കാരണമായ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ ഭാരതീയ ന്യായ സംഹിത 108 -ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി. 

ദീപക്കിന്റെ കുടുംബത്തിന് പൂർണ്ണമായ നിയമസഹായവും സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് രാഹുല്‍ ഈശ്വർ പരാതിയില്‍ അഭ്യർത്ഥിച്ചു.

 സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമാണെന്നും, ആത്മഹത്യയുമായി ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന വസ്തുതകള്‍ പരിഗണിച്ച്‌ യുവതിക്കെതിരെ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 

മെൻസ് കമ്മീഷൻ ആക്ടിവിസ്റ്റ് എന്ന നിലയില്‍ ദീപക്കിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ടീം രാഹുല്‍ ഈശ്വർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ഏഴ് വർഷമായി സെയില്‍സ് മാനേജരായി ജോലി ചെയ്തിരുന്ന ദീപക്കിനെതിരെ ഇതുവരെ പരാതികളോ കേസുകളോ ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നു.

 സോഷ്യല്‍ മീഡിയയില്‍ റീച്ച്‌ ലഭിക്കാൻ വേണ്ടി യുവതി നടത്തിയ കണ്ടന്റ് ക്രിയേഷൻ ആണോ ഇതെന്നും സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ