തലശ്ശേരി: വോട്ടർ പട്ടിക പുതുക്കൽ തീവ്രയജ്ഞ പരിപാടിയുടെ പൂർത്തീകരണത്തിൽ മികച്ച പങ്കാളിത്തം വഹിച്ച കല്ലിക്കണ്ടി എൻ.എ.എം. കോളേജ് വിദ്യാർത്ഥികളെ തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി കോളജിലെത്തി അഭിനന്ദിച്ചു.
ബി.എൽ.ഒ.മാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് സബ് കളക്ടറുടെ അഭ്യർത്ഥന പ്രകാരമാണ് കോളജ് പ്രിൻസിപ്പൽ ഡോ. എ.പി. ഷമീറിന്റെ പ്രത്യേക താൽപ്പര്യത്തിൽ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ മുപ്പതോളം ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.മാർ) പങ്കെടുത്തു.
കോളജിലെ എൻ.സി.സി. കാഡറ്റുകൾ ഉൾപ്പെടെ 120 വിദ്യാർത്ഥികൾ വോട്ടർ പട്ടികയിലെ വിവരങ്ങൾ (എസ്.ഐ.ആർ.) ഓൺലൈനായി അപ്‌ലോഡ് ചെയ്യാൻ ബി.എൽ.ഒ.മാരെ സഹായിച്ചു. കമ്പ്യൂട്ടർ സയൻസ്, പോളിമർ കെമിസ്ട്രി, ബി.ബി.എ. ക്ലാസുകളിലെ വിദ്യാർത്ഥികളും ക്യാമ്പിൽ സജീവമായിരുന്നു.
ഇത്രയധികം പേരെ ഒരേ സമയം ഒരു സ്ഥലത്ത് ഒരുമിച്ചിരുത്തി എസ്.ഐ.ആർ. അപ്‌ലോഡ് ചെയ്യുന്നത് ഇതാദ്യമായാണെന്ന് സബ് കളക്ടർ പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ. എ.പി. ഷമീർ, എം.ഇ.എഫ്. ജനറൽ സെക്രട്ടറി പി.പി.എ. ഹമീദ്, സെക്രട്ടറി സമീർ പറമ്പത്ത്, അഡീഷണൽ അസിസ്റ്റന്റ് ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർ സി.വി. മോഹനൻ, സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പി. സരിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
