തലശ്ശേരി: തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്ന് 68,000 രൂപയിലധികം വിലമതിക്കുന്ന 1600 സർക്കാർ ലോട്ടറി ടിക്കറ്റുകൾ കവർന്ന സംഭവത്തിൽ പ്രതിയെക്കുറിച്ച് പോലീസിന് നിർണ്ണായക സൂചനകൾ ലഭിച്ചു. ചുവന്ന ടി-ഷർട്ട് ധരിച്ച ഒരാൾ ടിക്കറ്റുകൾ മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് അതിവേഗം പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണം കൂടുതൽ വേഗത്തിലാക്കിയത്.
തലശ്ശേരിയിലെ ലോട്ടറി ഏജൻസിയിൽ നിന്ന് കതിരൂരിലെ സ്റ്റാളിലേക്ക് ബസ് മാർഗം അയക്കാനായി ബസ് സ്റ്റാൻഡിൽ എത്തിച്ച ടിക്കറ്റുകളാണ് മോഷണം പോയത്. 'സുവർണ്ണ കേരളം', 'കാരുണ്യ പ്ലസ്' ഉൾപ്പെടെ നിരവധി ഭാഗ്യക്കുറികളുടെ കെട്ടുകളാണ് നഷ്ടപ്പെട്ടത്. പതിവായി ഏഴിടങ്ങളിലേക്ക് വിതരണം ചെയ്യുന്ന ടിക്കറ്റുകളിൽ മൊത്തം 68,000 രൂപയുടെ നഷ്ടമുണ്ടായതായി ഏജൻസി പോലീസിനെ അറിയിച്ചു.
ഏജൻസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി ഉടൻ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
