Zygo-Ad

ആകാംഷയ്ക്ക് വിരാമം :ബ്രിട്ടീഷ് കാലത്തെ രഹസ്യം; വടകര ട്രഷറിയിലെ നൂറ്റാണ്ട് പഴക്കമുള്ള നിലവറ തുറന്നു.

 


വടകര സബ് ട്രഷറി ഓഫീസിലെ നൂറു വർഷത്തിലേറെ പഴക്കമുള്ള നിലവറ തുറന്നതോടെ നാളുകളായുള്ള ആകാംഷയ്ക്ക് വിരാമമായി.ഏകദേശം ഒരു മീറ്റർ നീളവും മുക്കാല്‍ മീറ്റർ വീതിയുമുള്ള ഇരുമ്ബറയ്ക്കുള്ളില്‍ നാണയങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഉണ്ടായിരുന്നില്ല.

ബ്രിട്ടീഷ് ഭരണകാലത്ത് താലൂക്കിന്റെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഈ സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചിരുന്നത്. അന്നത്തെ ഭരണാധികാരികള്‍ കറൻസികളും മറ്റ് അമൂല്യവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കാനായാണ് ഇത്തരം ഇരുമ്ബറകള്‍ നിർമ്മിച്ചിരുന്നത്. പതിറ്റാണ്ടുകളായി തുറക്കാതെ കിടന്ന ഈ നിലവറയ്ക്കുള്ളില്‍ അമൂല്യമായ നിധിശേഖരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും ഉദ്യോഗസ്ഥരും. താലൂക്ക് ഓഫീസായി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം മുൻപ് തീപിടിച്ച്‌ നശിച്ചിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുമാറ്റുന്ന ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് നിലവറ തുറക്കാൻ തീരുമാനിച്ചത്.ഇന്ന് രാവിലെ 11.20-നാണ് ഉദ്യോഗസ്ഥ സംഘം നിലവറ പൊളിച്ച്‌ പരിശോധന നടത്തിയത്. മുൻകാലങ്ങളില്‍ കവർച്ചക്കാരില്‍ നിന്ന് രക്ഷനേടാനായിട്ടാണ് ഇത്തരം നിലവറകള്‍ ഉപയോഗിച്ചിരുന്നതെന്ന് അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർ ടി. അബ്ദുള്‍ റഷീദ് വ്യക്തമാക്കി. കോഴിക്കോട്ടെ പുതിയറ, വയനാട്ടിലെ വൈത്തിരി, ഇടുക്കിയിലെ ദേവികുളം ട്രഷറി ഓഫീസുകളിലും സമാനമായ ഭൂഗർഭ അറകള്‍ ഉണ്ടായിരുന്നു. വടകരയിലെ ഈ നിലവറ തിരുവനന്തപുരത്തുള്ള ട്രഷറി വകുപ്പിന്റെ പുരാവസ്തു ശേഖരത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വടകര ആർഡിഒ അൻവർ സാദത്ത്, ആർക്കിയോളജിസ്റ്റ് ജീവ മോള്‍, സബ് ട്രഷറി ഓഫീസർ അജിത്ത് കുമാർ, തഹസില്‍ദാർ ഡി. രഞ്ജിത്, വടകര എസ്‌ഐ വിനീത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവറ തുറന്ന് പരിശോധന നടത്തിയത്.

വളരെ പുതിയ വളരെ പഴയ