കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തില്‍ പോലീസ് അടിയേറ്റ് മുഖത്തിനു സാരമായി പരിക്കേറ്റ ഷാഫി പറമ്പില്‍ എംപി ശസ്ത്രക്രിയക്കു ശേഷം ഐസിയുവില്‍ തുടരുന്നു.
ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് എംപിയുടെ 10 ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.
എംപിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി വസന്ത് സിറിയക് തെങ്ങുംപള്ളി ഹർജി ഫയല്‍ ചെയ്തു.
പാർലമെന്‍റ് അംഗത്തെയും കോണ്‍ഗ്രസ് പ്രവർത്തകരെയും മർദിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ഹർജിയില്‍ പറയുന്നത്.
മൗലിക അവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് മർദനമെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് വസന്ത് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.