Zygo-Ad

ന്യൂ മാഹി ഇരട്ടക്കൊല; അന്വേഷണ സംഘത്തിന് വീഴ്ച, വിധി നിരാശാജനകം, നിയമപോരാട്ടം തുടരുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍


തലശ്ശേരി: ന്യൂമാഹിയില്‍ രണ്ട് ബിജെപി പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ.

വിധി അപ്രതീക്ഷിതവും നിരാശാജനകവുമാണ്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് കൊലപാതകം നടന്നത്. നിയമപോരാട്ടം തുടരുമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രേമരാജൻ പറഞ്ഞു.

കേസില്‍ പ്രതികളായ 16 പേരെയും വെറുതേ വിട്ടുകൊണ്ടാണ് തലശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടത്. കേസില്‍ കൃത്യമായ അന്വേഷണം തുടക്ക ഘട്ടത്തില്‍ നടന്നിരുന്നില്ല. പ്രതികളെ ഒന്നിനെയും അറസ്റ്റ് ചെയ്തിരുന്നില്ല. പലരും പല ഘട്ടങ്ങളിലായി കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. 

ഇവരെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പോലും അന്വേഷണ സംഘങ്ങള്‍ തയാറായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ എങ്ങനെയാണ് സത്യം പു റത്തു വരികയെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ചോദിക്കുന്നു.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കൊടി സുനിയും മുഹമ്മദ് ഷാഫിയും അടക്കമുള്ള പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് തുടക്ക ഘട്ടത്തില്‍ ഉണ്ടായിരുന്നത്. 

നീതി ദേവതയുടെ കണ്ണുകള്‍ ഇവിടെ മാത്രമാണ് അടഞ്ഞിട്ടുള്ളത്. ഇതിന് മുകളില്‍ ഇനിയു കോടതികളുണ്ട്. വിധിയുടെ പകർപ്പ് കിട്ടിയ ശേഷം മേല്‍ക്കോടതിയെ സമീപിക്കുമെന്നും അഡ്വ. പ്രേമരാജൻ പറഞ്ഞു.

2010 മേയ് 28-ന് രാവിലെ 11ന് ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത്(28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്.

 ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായിയില്‍ വെച്ചാണ് കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചു വരുമ്പോള്‍ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

16 പ്രതികളില്‍ രണ്ട് പേർ നേരത്തേ മരിച്ചിരുന്നു. വിജിത്തിന്റെ അമ്മ രാജമ്മ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്.

കേസിന്റെ വിചാരണക്ക് കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നെത്തിയ കൊടി സുനിയും സംഘവും ഹോട്ടലിലെ പാർക്കിങ് സ്ഥലത്ത് സഹതടവുകാരൊടൊപ്പം മദ്യപിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തു വന്നത് വിവാദമായിരുന്നു.

വളരെ പുതിയ വളരെ പഴയ