തലശേരി: എങ്ങുനിന്നോ വന്ന ഒരു ഫോൺ കോളിന് പിന്നാലെ കുതിച്ചെത്തിയ തലശേരി പൊലീസ് രക്ഷിച്ചത് ഒരു വിലപ്പെട്ട ജീവൻ. ആത്മഹത്യകളുടെ എണ്ണം കൂടുന്ന ഇന്നത്തെ കാലത്ത് പൊലീസിന്റെ ഈ മാതൃകാപരമായ ഇടപെടൽ ഒരു കുടുംബത്തിനും സമൂഹത്തിനും ആശ്വാസമായി.
ഞായറാഴ്ച രാത്രി 112 എമർജൻസി നമ്പറിലേക്ക് “സുഹൃത്ത് റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ പോകുന്നു” എന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് രംഗത്തിറങ്ങിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തിയതോടെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രവീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിനേഷ്, ആകർഷ് എന്നിവർ അടിയന്തരമായി സ്ഥലത്തേക്ക് പാഞ്ഞെത്തി.
ടെംപിള്‍ഗേറ്റ് റെയിൽവേ ട്രാക്ക് സമീപം നടത്തിയ തിരച്ചിലിനിടെ ഇരുട്ടിൽ ഒളിച്ചിരുന്ന യുവാവിനെ കണ്ടെത്തിയ പൊലീസ്, അവനെ അനുനയിപ്പിച്ച് ആത്മഹത്യ ഭീരുക്കളുടെ ആശ്രയമാണെന്നും, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടെന്നും പറഞ്ഞു മനസിലാക്കി. തുടർന്ന് യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ഭക്ഷണമെത്തിച്ച് നൽകിയതും കുടുംബത്തെ വിളിച്ചുവരുത്തി അവരുടെ സംരക്ഷണത്തിൽ വിട്ടയച്ചതുമാണ്.
“എന്ത് പ്രശ്നം വന്നാലും ഞങ്ങളെ വിളിക്കാം, ഇങ്ങനെ ഒരിക്കലും ചിന്തിക്കരുത്” എന്ന പൊലീസുകാരുടെ വാക്കുകൾ യുവാവിനും കുടുംബത്തിനും വലിയ ആശ്വാസമായി.
സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രവീഷിനും, സിവിൽ പൊലീസ് ഓഫീസർമാരായ ജിനേഷിനും ആകർഷിനും അഭിനന്ദന പ്രവാഹം തുടരുകയാണ്.