ധർമ്മടം: അഞ്ചരക്കണ്ടിപുഴയ്ക്ക് കുറുകെ കല്ലിനേത്ത് കടവിൽ പുതിയ പാലം നിർമ്മിക്കുന്ന പദ്ധതിക്ക് 17 കോടിയുടെ ഭരണാനുമതി ലഭിച്ചു. ധർമ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടിയും വേങ്ങാട് പഞ്ചായത്തുകളും തമ്മിലുള്ള ഗതാഗതം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പാലം പൂർത്തിയായാൽ അഞ്ചരക്കണ്ടി പഞ്ചായത്തിലെ പാളയവും വേങ്ങാട് പഞ്ചായത്തിലെ ചാമ്പാടും നേരിട്ട് ബന്ധിപ്പിക്കപ്പെടും. ഇപ്പോൾ നാട്ടുകാർക്ക് ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള ഓടക്കടവ് പാലം വഴിയാണു യാത്ര ചെയ്യേണ്ടി വരുന്നത്.
155.50 മീറ്റർ നീളമുള്ള പാലത്തിന് പത്ത് സ്പാനുകൾ ഉണ്ടാകും. ഇരുകരകളിലുമായി 2.25 കോടി രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കും. സമീപത്തെ റോഡുകളിലേക്കും വീടുകളിലേക്കും പ്രവേശനത്തിനായി റാമ്പും പടിയും നിർമ്മിക്കും.
മുമ്പ് കല്ലിനേത്ത് കടവിൽനിന്നുള്ള തോണിയായിരുന്നു പ്രദേശവാസികളുടെ യാത്രാമാർഗം. പിന്നീട് കടത്ത് നിലച്ചതോടെ ഓടക്കടവ് പാലം വഴി ചുറ്റിപ്പോയി സഞ്ചരിക്കേണ്ടി വന്നു. പുതിയ പാലം പൂർത്തിയായാൽ യാത്രാസൗകര്യത്തോടൊപ്പം പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും വലിയ ഉത്തേജനം ലഭിക്കുമെന്ന് പ്രതീക്ഷ.
