കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
ഇന്നലെ രാത്രിയാണ് ഷാജിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കരള്‍ സംബന്ധമായ രോഗമുണ്ടായിരുന്നതിനാല്‍ ആദ്യം മുതല്‍ ഷാജി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.
രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. എവിടെ നിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഒരു മാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് ഷാജി. മലപ്പുറം വണ്ടൂർ സ്വദേശി ശോഭന (56) കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗം ബാധിച്ച് മരിച്ചത്.
വയനാട് ബത്തേരി സ്വദേശി രതീഷ്, കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം സ്വദേശി റംല, കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയ എന്നിവരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവർ.
നിലവില്‍ 11 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 10 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.