വയനാട്: വീണ്ടും അപകട ഭീഷണിയുയർത്തിക്കൊണ്ട് താമരശ്ശേരി ചുരം. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറകഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീണു.
ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനത്തിന്‍റെ തൊട്ടരികിലാണ് കല്ല് പതിച്ചത്.
ഇതിനിടയിലും വാഹനങ്ങള്‍ നിലവില്‍ കടന്നു പോകുന്നുണ്ട്. സുരക്ഷാ ഭീഷണി നിലനില്‍ക്കുമ്പോഴും ഇപ്പോഴും സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ല. ചുരത്തില്‍ നേരിയ മഴയും പെയ്യുന്നുണ്ട്.
ചെറിയ കല്ലുകള്‍ റോഡിലേക്ക് ഒലിച്ചു വരുന്നുണ്ട്. പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങൾക്ക് ലഭിച്ചു. റോഡിന്‍റെ പകുതി വരെ കല്ലുകള്‍ വീണു കിടക്കുന്നുണ്ട്.
കല്ലുകള്‍ നീക്കാത്തതിനാല്‍ ഈ ഭാഗത്ത് നിലവില്‍ വാഹനങ്ങള്‍ ഒറ്റ വരിയായിട്ടാണ് പോകുന്നത്. ഒരു വാഹനം കല്ല് പതിക്കാതെചെറിയ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്. ഈ സ്ഥിതി തുടർന്നാൽ വൻ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.