തലശ്ശേരി: സിപിഎം പ്രവർത്തകർ പ്രതികളായ മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ വയ്ക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് മുന്നിൽ ഒടുവിൽ സർക്കാർ വഴങ്ങി.
കുടുംബം നിർദേശിച്ച അഡ്വ.കെ.പത്മനാഭനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ച് ആഭ്യന്തര വകുപ്പ് വിജ്‌ഞാപനമിറക്കി. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും സർക്കാർ തീരുമാനമെടുക്കുന്നില്ലെന്നു റിപ്പോർട്ടുകൾ വന്നിരുന്നു.
കോടതിയലക്ഷ്യക്കേസ് നൽകുമെന്നും കുടുംബം സർക്കാരിനെ അറിയിക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇടപെടുകയും ചെയ്തതോടെയാണു വിജ്ഞാപനം ഇറക്കിയത്.
യൂത്ത് കോൺ ഗ്രസ് പ്രവർത്തകനായ ഷുഹൈബിനെ 2018 ഫെബ്രുവരി 12നു സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. സിബിഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതി വരെയെത്തി സർക്കാർ അനുകൂല വിധി സമ്പാദിച്ചിരുന്നു.
തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണു സർക്കാരിൻ്റെ അഭിഭാഷകനിൽ വിശ്വാസമില്ലെന്നു കുടുംബം അറിയിച്ചത്. സ്വന്തം ചെലവിൽ സ്പെഷൽ പ്രോസിക്യൂട്ടറെ വയ്ക്കാൻ അനുവദിക്കണമെന്നും അപേക്ഷിച്ചു.
സർക്കാർ തീരുമാനമെടുക്കാതിരുന്നതോടെ ഹൈക്കോടതിയെ സമീപിച്ചു. ആറാഴ്ചയ്ക്കകം തീരുമാനിക്കണമെന്നു കഴിഞ്ഞ ജൂൺ 4നു കോടതി നിർദേശിച്ചു.
ഈ മാസം 13നാണു സർക്കാർ വിജ്‌ഞാപനമിറക്കിയത്. സർക്കാർ കഴിഞ്ഞ ദിവസം ഇക്കാര്യം പ്രതിപക്ഷ നേതാവിന്റെ ഓഫിസിനെ അറിയിക്കുകയായിരുന്നു. ഇനി വിചാരണ നടപടികൾ തുടങ്ങാനാകും.