ധർമ്മടം മണ്ഡലത്തിലെ പിണറായി - ധർമ്മടം പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന അണ്ടലൂർ പാലത്തിന് പുതിയ പാലം നിർമ്മിക്കാൻ ഭരണാനുമതിയായി. നിർമ്മാണത്തിനായി ഇരുപത്തി അഞ്ചു കോടി അറുപതു ലക്ഷത്തി അറുപതിനായിരം രൂപ അനുവദിച്ചു. സാങ്കേതികാനുമതി ലഭിച്ചാൽ ടെൻഡർ നൽകി നവംബറിൽ പാലം നിർമാണം തുടങ്ങാനാകും. നിർമാണം പൂർത്തിയായാൽ മണ്ഡലത്തിലെ ഏറ്റവും നീളം കൂടിയ പാലവുമായിരിക്കും ഇത്.
ഇരുവശത്തും നടപ്പാതകളില്ലാത്ത ഇടുങ്ങിയ പാലം നിലവിലുണ്ട്. വാഹനം കടന്നുപോകുമ്പോൾ ആളുകൾക്ക് ഇതിലൂടെ നടന്ന് പുഴ മുറിച്ചു കടക്കാനാവില്ല. അതിനാൽ വാഹനങ്ങളുടെയും കാൽ നടയാത്രക്കാരുടെയും സുരക്ഷിതമായ സഞ്ചാരത്തിന് നടപ്പാതയോടുകൂടിയ പാലം അത്യന്താപേക്ഷിതമാണ്. അണ്ടലൂർ ക്ഷേത്ര ത്തിലേക്കുള്ള പ്രധാന വഴിയായതിനാൽ ഉത്സവ സമയത്തും മറ്റും ഗതാഗതം തടസ്സം ഉണ്ടാകുന്നതും പതിവാണ്. കഴിഞ്ഞ പ്രളയ സമയത്ത് ഉണ്ടായ വെള്ളപൊക്കത്തിൽ പാലത്തിനു ബലക്ഷയം ഉണ്ടാവുകയും ചെയ്തു. ഇതിനെല്ലാം പ്രതിവിധി എന്നോണം ആണ് പുതിയ പാലം. ദേശീയ ജലപാത കടന്നു പോകുന്നതിനാൽ പാലത്തിന്റെ ഉയരവും കൂടും.
നിർദിഷ്ട പാലത്തിന് ആകെ 233.9 മീറ്റർ നീളവും 11 മീറ്റർ മുതൽ 12 മീറ്റർ വരെ വീതിയും 7.5 മീറ്റർ വീതിയുമാണ്. ഇരുവശങ്ങളിലും 1.5 മീറ്റർ ഫുട്‌പാത്തും ഉണ്ട്. ആകെ 15 സ്‌പാനുകൾ ഉണ്ട്. അതിൽ 12 സ്‌പാനുകൾക്ക് 12.5 മീറ്റർ നീളവും 2 സ്‌പാനുകൾക്ക് 13.425 മീറ്റർ നീളവും മധ്യ സ്‌പാൻ 55 മീറ്റർ നീളവും ഉണ്ട്. അപ്രോച്ച് റോഡും റോഡിൻറെ വശങ്ങളുടെ സംരക്ഷണത്തിനായി കോൺക്രീറ്റ് ഭിത്തികളും കരിങ്കൽ ഭിത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. പാലം യാഥാർത്ഥ്യമായാൽ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല സ്വപ്‌നം പൂവണിയും.