Zygo-Ad

തലശ്ശേരി ലോഗൻസ്‌ റോഡ്‌ നവീകരണം ദ്രുതഗതിയില്‍

തലശ്ശേരി: ലോഗൻസ് റോഡിന്റെ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. ട്രാഫിക് പൊലീസ് യൂനിറ്റ് മുതല്‍ പാരീസ് ലൈൻ വരെയുള്ള ഭാഗം കോണ്‍ക്രീറ്റ് പ്രവൃത്തി ഏതാണ്ട് പൂർത്തിയായി.

ട്രാഫിക് യൂനിറ്റ് മുതല്‍ നാരങ്ങാപുറം മണവാട്ടി കവല വരെയാണ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്. പ്രവൃത്തി പൂർത്തീകരിച്ച്‌ മേയ് 19ന് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് തീരുമാനം. 

ലോഗൻസ് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നഗരത്തില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്ന ഒരോ കവലകളിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്‌ട് (കെ.എസ്.ടി.പി) മുഖേന അനുവദിച്ച ആറ് കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. 

ട്രാഫിക് യൂനിറ്റ് മുതല്‍ മണവാട്ടി കവല വരെ റോഡരികിലെ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആദ്യം തുടങ്ങിയത്. റോഡിലെ നിലവിലെ ഇന്റർലോക്ക്‌ കട്ട മാറ്റിയാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. 

റോഡ് നവീകരണത്തോടൊപ്പം അഴുക്കുചാലും പുതുക്കിപ്പണിയുന്നുണ്ട്. റോഡിലേക്ക്‌ തള്ളിനില്‍ക്കുന്ന വൈദ്യുതി പോസ്‌റ്റുകളും മാറ്റിസ്ഥാപിക്കും. റോഡിന് ഇരുവശത്തും 60 സെന്റിമീറ്ററില്‍ ഇന്റർലോക്ക്‌ പതിക്കും.

ചിലയിടങ്ങളില്‍ കൈവരിയുമുണ്ടാകും. ഏപ്രില്‍ 16നാണ് പ്രവൃത്തി ആരംഭിച്ചത്. ഒ.വി റോഡ്, എം.ജി റോഡ്, ആശുപത്രി റോഡ് എന്നിവ നേരത്തെ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു. 

നഗരത്തിലെ പ്രധാന റോഡായ ലോഗൻസ്‌ റോഡിലും കോണ്‍ക്രീറ്റ് നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തില്‍ വാഹന ഗതാഗതം ഇനി സുഗമമാവും.

ലോഗൻസ് റോഡില്‍ സ്റ്റേറ്റ് ബാങ്ക് കവല വരെ നിർമാണം പൂർത്തിയാകുന്നതോടെ വാഹന ഗതാഗതത്തിന് ഭാഗികമായി തുറന്നു കൊടുക്കാനും ആലോചനയുണ്ട്. 

അങ്ങനെയെങ്കില്‍ സ്റ്റാൻഡിലേക്കുള്ള ബസുകള്‍ എൻ.സി.സി റോഡ് വഴി പ്രവേശിക്കാൻ സാധിക്കും. 

നഗരത്തിലെ നിലവിലെ ഗതാഗതം സുഗമമാക്കാൻ വെയില്‍ തീക്ഷ്ണത വക വെക്കാതെ ട്രാഫിക് പൊലീസും കഠിനമായ പ്രയത്നമാണ് ഓരോ ദിവസവും നടത്തുന്നത്. റോഡ് നവീകരണം മുഴുമിപ്പിക്കാൻ വ്യാപാരികളും സഹകരിക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ