Zygo-Ad

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡില്‍ വൻ തീപിടിത്തം, തുണിക്കട കത്തി, കൂടുതല്‍ കടകളിലേക്ക് തീപടരുന്നു


കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈല്‍സ് ഷോപ്പില്‍ വൻ തീപിടുത്തം. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്.

ഫയർഫോഴ്സും നാട്ടുകാരും തീ അണിക്കാൻ ശ്രമിക്കുകയാണ്. കൂടുതല്‍ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. ബീച്ച്‌, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനില്‍ നിന്നാണ് കൂടുതല്‍ ഫയർഫോഴ്സ് സംഘത്തെ എത്തിച്ചത്.

ബസ് സ്റ്റാന്റില്‍ പ്രവർത്തിക്കുന്ന ടെക്സ്റ്റൈല്‍സ് ഷോപ്പിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇവിടെ നിന്നും മറ്റ് കടകളിലേക്കും തീ പടരുകയാണ്. ബസ് സ്റ്റാന്റിന്റെ ഉള്‍ വശത്തേക്കും തീ പടരുന്നുണ്ട്. സ്റ്റാന്റിലെ ബസുകള്‍ മുഴുവൻ മാറ്റി.

ഞായറാഴ്ച വൈകുന്നേരമായതിനാല്‍ നഗരത്തില്‍ വലിയ ജനത്തിരക്കുണ്ട്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. ഗതാഗതം നിയന്ത്രിച്ചു. ആളപായമില്ലെന്നാണ് വിവരം.

മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ശ്രമം തുടങ്ങി.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. 

നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവില്‍ സ്ഥലത്തുള്ളത്. കൂടുതല്‍ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ