നാദാപുരം: വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും കണ്ടെത്താനുള്ള ഊജ്ജിത ശ്രമം ആരംഭിച്ചതായി വളയം സ്റ്റേഷൻ ഹൗസ് ഓഫീസർ ഫായിസ് അലി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ബംഗളുരുവില്‍ എത്തിയ യുവതിയും മക്കളും ഡല്‍ഹിയിലേക്കുള്ള ട്രെയിനില്‍ കയറിയതായുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
ഡല്‍ഹി പോലീസില്‍ ഈ കാര്യം അറിയിച്ചിട്ടുണ്ട്. ഇതിനിടയില്‍ മറ്റു സ്റ്റേഷനുകളില്‍ ഇറങ്ങാനുള്ള സാധ്യതയും പൊലീസ് കാണുന്നുണ്ട്.
കുട്ടികളോടൊപ്പം യുവതി തനിച്ചാണ് യാത്ര ചെയ്യുന്നത്. വളയം ചെറുമോത്ത് കുറുങ്ങോട്ട് ഹൗസില്‍ ആഷിത (29), മക്കളായ മെഹ്റ ഫാത്തിമ (10), ലുക്ക്‌മാൻ (5) എന്നിവരെയാണ് കാണാതായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മൂവരേയും കാണാതായത്.
പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞാണ് ആഷിത മക്കളേയും കൂട്ടി വെള്ളിയാഴ്ച ഉച്ചയോടെ വളയത്തെ ഭർതൃ വീട്ടില്‍ നിന്നും ഇറങ്ങിയത്.
പിന്നീട് വീട്ടില്‍ തിരിച്ചത്താത്തതിനെ തുടർന്ന് ആഷിതയുടെ പിതാവ് വളയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.വടകര ചോറോട് സ്വദേശിയാണ് ആഷിത.