Zygo-Ad

കോഴിക്കോട്ടെ ഡോക്ടര്‍ക്ക് ഒന്നേ കാല്‍ കോടി നഷ്ടമായതില്‍ പൊലീസിന്‍റെ നിര്‍ണായക കണ്ടെത്തല്‍: പിന്നില്‍ കമ്പോഡിയൻ സംഘം


കോഴിക്കോട്: വ്യാജ ട്രേഡിംഗ് ആപ്പ് വഴി കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ഡോക്ടറുടെ ഒന്നേ കാല്‍ കോടി രൂപ തട്ടിയതിനു പിന്നില്‍ കമ്പോഡിയ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ സംഘം.

നഷ്ടമായ തുകയില്‍ എഴുപത് ലക്ഷം രൂപ ചെന്നൈയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. 

ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധികളെന്ന് പറഞ്ഞ് സാമൂഹിക മാധ്യമം വഴിയാണ് തട്ടിപ്പ് സംഘത്തിലെ ആളുകള്‍ ഡോക്ടറെ പരിചയപ്പെട്ടത്. 

സ്റ്റോക്ക് ട്രേഡിംഗ് നിക്ഷേപത്തെക്കുറിച്ച്‌ ടെലഗ്രാമിലും വാട്സാപ്പിലും ക്ലാസുകള്‍. ചെറിയ തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ച്‌ വലിയ ലാഭം നല്‍കി വിശ്വാസം പിടിച്ചു പറ്റി. 

പിന്നാലെ വന്‍ തുക വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട ഒന്നേ കാല്‍ കോടി രൂപയോളം നഷ്ടമായപ്പോഴാണ് പരാതി നല്‍കിയത്.

കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കമ്പോഡിയയില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി. 

ഇവരുടെ നെറ്റ് വര്‍ക്കില്‍പെട്ട ആളുകള്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. നഷ്ടമായ തുകയില്‍ 70 ലക്ഷം രൂപ ചെന്നൈയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. 

മഹാരാഷ്ട്രയിലേയും പഞ്ചാബിലേയും ബാങ്ക് അക്കൗണ്ടുകളിലേക്കും തുക മാറ്റിയിട്ടുണ്ടെന്ന് കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം എസ് എച്ച്‌ ഒ സി ആര്‍ രാജേഷ് കുമാര്‍ വ്യക്തമാക്കി.

അന്വേഷണ സംഘം ഉടന്‍ ചെന്നൈയിലേക്ക് തിരിക്കുമെന്നും കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം എസ് എച്ച്‌ ഒ വിവരിച്ചു. 

കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ കൊയിലാണ്ടി സ്വദേശിയായ വീട്ടമ്മക്ക് 23 ലക്ഷം രൂപ നഷ്ടമായിരുന്നു. ബോധവത്കരണം തുടരുമ്പോഴും സൈബര്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുകയാണെന്നാണ് പൊലീസ് പറയുന്നത്. 

ഒരു മാസത്തിനിടെ കോഴിക്കോട് റൂറലില്‍ മാത്രം 30 ലധികം സൈബര്‍ തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം എസ് എച്ച്‌ ഒ വിവരിച്ചു.

വളരെ പുതിയ വളരെ പഴയ