തലശ്ശേരി: കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതു സംബന്ധിച്ച തർക്കത്തെതുടർന്ന് മാതാപിതാക്കളുടെ മുന്നിലിട്ട് മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍ക്കാരനായ പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും.
ആലക്കോട് തിമിരി ചേക്കിച്ചേരിയിലെ കുളമ്പുക്കാട്ട് രാജന്റെ മകൻ ലോറി ഡ്രൈവറായിരുന്ന ശരത് കുമാറിനെ (28) കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ പുത്തൻപുരക്കല്‍ ജോസ് ജോർജ് എന്ന കൊല്ലൻ ജോസിനെ (70)യാണ് അഡീഷനല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.
ചൊവ്വാഴ്ച കുറ്റക്കാരനായി കണ്ടെത്തിയ പ്രതിക്ക് ബുധനാഴ്ച ഉച്ചക്കാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ശരത് കുമാറിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണം.
പിഴ അടച്ചില്ലെങ്കില്‍ ഒരുവർഷം അധിക കഠിന തടവ് അനുഭവിക്കണം. 2015 ജനുവരി 27ന് രാത്രി 10നാണ് കൊലപാതകം.
മാതാപിതാക്കളായ കുളമ്പു കാട്ടില്‍ രാജന്റെയും ശശികലയുടെയും മുന്നില്‍ വെച്ച് ശരത്കുമാറിനെ ജോസ് ജോർജ് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
രാജന്റെ കുടുംബം പ്രതി ജോസിന്റെ വീട്ടിലെ കിണറ്റില്‍ നിന്നായിരുന്നു മോട്ടോർ ഉപയോഗിച്ച് വീട്ടാവശ്യത്തിന് വെള്ളം എടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കമുണ്ടായിരുന്നു.
സംഭവത്തിന്റെ തലേ ദിവസം വെള്ളമെടുക്കുന്നത് തടയുകയും പിന്നീട് പ്രതിയുടെ സുഹൃത്തായ പട്ടർ മഠം ബിജു എന്നയാളുമായി ശരത് കുമാർ വാക്കു തർക്കവുമുണ്ടായി.
ഇതിന്റെ വിരോധത്താല്‍ പ്രതി ജോസ്, ശരത് കുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 27 സാക്ഷികളെ കേസില്‍ വിസ്തരിച്ചു.