മുഴപ്പിലങ്ങാട്: ഡ്രൈവ് ഇൻ ബീച്ചിലെ ഫെസ്റ്റ് മൂലം ദുരിതത്തിലായി യാത്രക്കാർ. വൻ പ്രചാരണത്തോടെ മുഴപ്പിലങ്ങാട് ബീച്ചിൽ ഫെസ്റ്റ് നടത്തുമ്പോൾ ബീച്ചിൽ ജനങ്ങൾക്ക് എത്തിച്ചേരാനുള്ള അടിസ്ഥാന സൗകര്യങ്ങളായ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്.
ബീച്ചിൽ നിരന്തരം പരിപാടികൾ നടക്കുമ്പോഴും അവധി ദിവസങ്ങളിലുമെല്ലാം സന്ദർശകരുടെ ഒഴുക്കിൽ പ്രദേശവാസികളും യാത്രക്കാരുമാണ് ദുരിതത്തിലാവുന്നത്. ബീച്ചിലേക്കുള്ള പ്രധാനപാതയും ചെറു റോഡുകളുമെല്ലാം ഗതാഗതക്കുരുക്കിൽ അമരും.
നിലവിൽ ബീച്ചിലെത്താനുള്ള പ്രധാനപ്പെട്ട എല്ലാ പഞ്ചായത്ത് റോഡുകളും ഇടുങ്ങിയതായതാണ് ഗതാഗതക്കുരുക്കുണ്ടാക്കുന്നത്.
ഫെസ്റ്റ് നടക്കുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദർശകർ വലിയ തോതിലാണ് വാഹനങ്ങളിലെത്തുന്നത്. ഇതു മൂലമുണ്ടാകുന്ന വാഹനപ്പെരുപ്പം കാൽനടയാത്രക്കാരെ പോലും ദുരിതത്തിലാക്കുകയാണ്.
ദേശീയപാത വികസനം നടന്നതോടെ നിലവിൽ വന്ന ഒറ്റവരി സർവിസ് റോഡ് ദുരിതം ഇരട്ടിയാക്കി. ബീച്ചിലേക്കു പോകുന്ന പ്രധാന റോഡുകളും റെയിൽവേ ഗേറ്റ് കടന്നാണ് പോകുന്നത്.
റെയിൽവേ ഗേറ്റ് അടക്കുന്നതോടെ സർവിസ് റോഡും കുരുക്കിലാവുകയാണ്. ഇത് കണ്ണൂർ ഭാഗത്തേക്ക് സർവിസ് റോഡ് വഴി പോകുന്ന മുഴുവൻ വാഹനളെ ഗതാഗത കുരുക്കിലാക്കുകയാണ്.
ഇതറിഞ്ഞിട്ടും എടക്കാട് പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ഇടപെടൽ നടത്തുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.